
തിരുവനന്തപുരം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂൺ 25ന് അർദ്ധരാത്രി തന്നെ ജയിലിലായവരുടെ പട്ടികയിലാണ് ഇന്നലെ നിര്യാതനായ ആർട്ടിസ്റ്റ് നളിനാക്ഷന്റെയും സ്ഥാനം. തിരുവനന്തപുരത്ത് പേട്ടയിൽ മിനർവ ശിവാനന്ദനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാളായ നളിനാക്ഷൻ പാർട്ടിയുടെ ചുവരെഴുത്തുകാരൻ കൂടിയായിരുന്നു. പാർട്ടിക്കു വേണ്ടിയുള്ള ചുവരെഴുത്തിലെ അക്ഷരങ്ങളുടെ അഗ്രങ്ങൾ എങ്ങനെ നോക്കിയാലും അരിവാളുപോലെ വളഞ്ഞിരിക്കുമെന്ന സവിശേഷത കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം ചുവരെഴുതാൻ നളിനാക്ഷൻ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഭാര്യയെയും നാലും രണ്ടും വയസുള്ള മക്കളെയും വാടകവീട്ടിൽ തനിച്ചാക്കിയായിരുന്നു പാർട്ടിപ്രവർത്തനത്തിന് ഇറങ്ങിയിരുന്നത്. എന്തിനെക്കാളും വലുതായിരുന്നു നളിനാക്ഷന് പാർട്ടി പ്രവർത്തനം. ജയിലിൽ ഒപ്പമുണ്ടായിരുന്നത് അന്നത്തെ പേട്ട ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന റെയിൽവേ ബാബുവെന്ന ആർ. ശരത്ചന്ദ്രബാബു, കെ. അനിരുദ്ധൻ, എം.എസ്. മാനുവൽ, ജവഹർ, ശുദ്ധോധനൻ, വിദ്യാർത്ഥി നേതാക്കളായിരുന്ന എം.എ. ബേബി, ജി. സുധാകരൻ, സുരേഷ് കുറുപ്പ്, ജെ. പ്രസാദ് തുടങ്ങിയവരായിരുന്നു.
ജയിലിൽ കിടന്ന അനിരുദ്ധൻ, 1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ. ശങ്കറിനെതിരെ മത്സരിക്കുമ്പോൾ അന്നത്തെ രണ്ടരവയസുകാരൻ സമ്പത്തിനെ പേട്ടയിലെ ഗണപതിയെന്ന ചുമട്ടുതൊഴിലാളിയുടെ തോളിലേറ്റി വോട്ടുപിടിച്ചത് നളിനാക്ഷനായിരുന്നു.
ഇടയ്ക്ക് പ്രവാസ ജീവിതത്തിനായി ശ്രമിച്ചെങ്കിലും കുറച്ചുമാസങ്ങൾക്കകം തന്നെ മടങ്ങി വന്നു. പരസ്യ മേഖലയെ ഫ്ളക്സ് കീഴടക്കുന്നതുവരെ ചുവരെഴുത്തുമായി തിരക്കിലായിരുന്ന നളിനാക്ഷൻ പിന്നീട് കെട്ടിട, ഫർണിച്ചർ പെയിന്റിംഗിലേക്ക് മാറി. 2010ൽ ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം പൊതുരംഗത്തു നിന്ന് പൂർണ്ണമായും മാറി നിന്നു. സി.പി.എമ്മിന്റെ തുടക്കം മുതൽ പാർട്ടിയിലുണ്ടായിരുന്ന നളിനാക്ഷന് പാർട്ടി അർഹിക്കുന്ന പരിഗണന നൽകിയിരുന്നില്ലെന്ന വിഷമവും ഉണ്ടായിരുന്നു. എങ്കിലും സഹായത്തിനായി ആരുടെമുന്നിലും കൈനീട്ടാതെ, തലകുനിക്കാതെ അവസാന ശ്വാസം വരെ പാർട്ടിക്കാരനായി ജീവിച്ചു. നളിനാക്ഷൻ വിടപറഞ്ഞതോടെ ആ നിരയിലുള്ളത് റെയിൽവേ ബാബുവും ശുദ്ധോദനനും തൊടുപുഴയിൽ വിശ്രമജീവിതം നയിക്കുന്ന എം.എസ്. മാനുവലും മാത്രം.
ഇന്ന് വൈകിട്ട് 4ന് പേട്ട അക്ഷര വീഥി മിനർവ പ്രസ് അങ്കണത്തിൽ നടക്കുന്ന ആർട്ടിസ്റ്റ് നളിനാക്ഷൻ അനുസ്മരണ സമ്മേളനം മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം. വിജയകുമാർ ഉദ്ഘാടനം ചെയ്യും.