
ആറ്റിങ്ങൽ: യാത്രക്കാരെ വലച്ച് സ്വകാര്യ ബസ് സർവീസുകൾ. ചിറയിൻകീഴ്,വക്കം,കടയ്ക്കാവൂർ,മണനാക്ക് വഴിയുള്ള വർക്കല റൂട്ടുകളിൽ ഓടുന്ന ബസുകളാണ് ആറ്റിങ്ങലിലേയ്ക്ക് വരുന്ന യാത്രക്കാരെ വലയ്ക്കുന്നത്. നിലവിൽ ഈ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ഇപ്പോൾ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പാലസ് റോഡ് വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തുകയാണിപ്പോൾ. റോഡിൽ ട്രാഫിക് ഡിവൈഡറുകൾ സ്ഥാപിച്ചതോടെ റോഡ് മുറിച്ചു കടക്കാനും ഈ മേഖലയിൽ ഏറെ ബുദ്ധിമുട്ടാണ്.
സ്വകാര്യ ബസുകൾ ആറ്റിങ്ങൽ ടൗൺ വഴി സർവീസ് നടത്തണമെന്നാവശ്യപ്പെട്ട് ഒരു സംഘം അഭിഭാഷകരും ജീവനക്കാരും ആറ്റിങ്ങൽ പൊലീസിലും ആർ.ടി ഓഫീസിലും രേഖാമൂലം പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഓഫീസുകളിലും, കോടതികളിലും കൃത്യസമയത്ത് ജോലിക്കെത്താൻ കഴിയുന്ന തരത്തിൽ രാവിലെയുള്ള സർവീസുകൾ കൃത്യമായി കച്ചേരിനട വഴി തിരിച്ചുവിടാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
യാത്രാ ദുരിതത്തിൽ
ഇത് ആറ്റിങ്ങലിലെ സിവിൽ സ്റ്റേഷൻ, കോടതി, പൊലീസ് സ്റ്റേഷൻ, സബ് ട്രഷറി അടക്കം മുപ്പതിലധികം സർക്കാർ സ്ഥാപനങ്ങളിലേക്ക് വരുന്ന ജീവനക്കാരുടെയും മറ്രും യാത്രാദുരിതം കൂട്ടുന്നു. ഇവിടങ്ങളിലൊക്കെ ഇപ്പോൾ യാത്രക്കാർക്ക് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് കാൽനടയായോ, ഓട്ടോറിക്ഷയിലോ വേണം എത്താൻ.
വൃദ്ധരും ബുദ്ധിമുട്ടിൽ
പാലസ് റോഡ് വഴി വരുന്ന വാഹനങ്ങൾ കച്ചേരി നട വഴി വന്നാൽ സബ് ട്രഷറിയുടെ മുന്നിൽ നിലവിൽ സ്റ്റോപ്പുണ്ട്. ഇവിടെ ഇറങ്ങിയാൽ എല്ലാ ഓഫീസുകളിലും കയറാൻ കഴിയും. ട്രഷറിയിലെത്തുന്നവരിൽ അധികവും പ്രായം ചെന്നവരാണ്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രെയിനിലെത്തുന്നവർക്ക് ജോലി സ്ഥലത്ത് യഥാസമയം എത്താനും കഴിയില്ല.
ബസുകളുടെ പ്രശ്നം
ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ സംവിധാനത്തിലെ കാലതാമസം സ്വകാര്യ ബസുകൾക്ക് സമയക്രമം പാലിക്കാൻ കഴിയാതെ വരുന്നതുകൊണ്ടാണ് ഇപ്പോൾ പാലസ് റോഡ് വഴിയുള്ള സർവീസിന് മൗനാനുവാദം നൽകിയത്.