ആറ്റിങ്ങൽ: സംസ്ഥാന കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി തിരുവനന്തപുരം ജില്ലാ പ്രവർത്തക യോഗം ഒരു കോടി ഒപ്പ് ശേഖരിക്കുന്നു. ഒപ്പ് ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കല്ലമ്പലത്ത് ജനുവരി 9ന് നടക്കും. നിയമാനുസൃത പഠനങ്ങളോ കേന്ദ്രാനുമതിയോ ഇല്ലാതെ സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി വസ്തു വകകളിൽ അതിക്രമിച്ചുകയറി മഞ്ഞക്കുറ്റികൾ സ്ഥാപിച്ച് ഭൂമിയുടെ ക്രയവിക്രയം ഉൾപ്പടെ മരവിപ്പിച്ചിട്ടുള്ള നടപടികൾ അടിയന്തിരമായി പിൻവലിച്ച് ഉത്തരവ് പുറപ്പെടുവിക്കുക, സിൽവർ ലൈൻ പ്രവർത്തകരുടെ പേരിൽ എടുത്തിട്ടുള്ള കള്ളകേസുകൾ പിൻവലിക്കുക, പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമര സമിതി അരംഭിക്കുന്ന രണ്ടാം ഘട്ട സമര പരിപാടിയുടെ ഭാഗമായ നിയമസഭാ മാർച്ചും, ഒരു കോടി ഭീമ ഹർജി സമാഹരണ പരിപാടികളുടെയും ജില്ലാതല ഉദ്ഘാടനം ജനുവരി 9ന് കല്ലമ്പലം ജംഗ്ഷനിൽ നടത്തുവാൻ ആറ്റിങ്ങൽ മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന പ്രവർത്തക യോഗം തീരുമാനിച്ചു. എം.പി, എം.എൽ.എ പരിസ്ഥിതി പ്രമുഖർ തുടങ്ങിയവരെ പങ്കെടുപ്പിക്കും. ജനുവരി 20നകം എല്ലാ സമരസമിതി യൂണിറ്റുകളും യോഗം ചേരും. ചിറയിൻകീഴ് പൂളിമൂട്, മുരുക്കുംപുഴ തുടങ്ങിയ സമര കേന്ദ്രങ്ങളിലും ഒപ്പ് ശേഖരണത്തിന്റെ കേന്ദ്രീകൃതമായ പരിപാടി സംഘടിപ്പിക്കും. അടുത്ത നിയമസഭ ബഡ്ജറ്റ് സമ്മേളനത്തിൽ നടത്തുന്ന സമര പരിപാടിയുടെ പ്രചാരണ പ്രവർത്തനങ്ങളും ഇതോടൊപ്പം ആരംഭിയ്ക്കാനും തീരുമാനിച്ചു. സമര സമിതി ജില്ലാ ചെയർമാൻ കരവാരം രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ജില്ലാതല പ്രവർത്തക യോഗം സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്തു. സമിതി രക്ഷാധികാരി കെ. ശൈവപ്രസാദ്, ജില്ലാ കൺവീനർ എ.ഷൈജു, സമര നേതാക്കളായ ആർ. കുമാർ, മുരളീന്ദ്രകുമാർ, ജയമണി, മുളിയൻകാവ്, ബാഹുലേയൻ, സംഗീത വർണൻ, ദീപ, ജി. ആർ സുഭാഷ്, ഗോവിന്ദ് ശശി, ചന്ദ്രബാബു, നിസാം, ശശിധരൻ, എന്നിവർ സംസാരിച്ചു.