തിരുവനന്തപുരം: അദാനി പോർട്‌സ് സി.ഇ.ഒ കരൺ അദാനി ജനുവരി 6ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ തിരുവനന്തപുരത്തെത്തും. തുറമുഖ നിർമ്മാണത്തിന്റെ പൂർത്തീകരണത്തിനും തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസന പദ്ധതികൾക്കുമുള്ള ചർച്ചകൾക്കുമായാണ് കരൺ അദാനിയെത്തുന്നത്.

മുഖ്യമന്ത്രിയെ കൂടാതെ തുറമുഖ മന്ത്രി, ചീഫ് സെക്രട്ടറി, തുറമുഖ വകുപ്പ് സെക്രട്ടറി എന്നിവരുമായും അദ്ദേഹം ചർച്ച നടത്തും. വിമാനത്താവളത്തിന്റെ റൺവേയുടെ വികസനത്തിന് ചാക്ക ഭാഗത്ത് 12 ഏക്കർ സ്ഥലം ആവശ്യമുണ്ട്. ഇവിടെ റൺവേയുടെ നീളം കൂട്ടണമെന്ന് ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ ( ഡി.ജി.സി.എ ) എയർപോർട്ട് അതോറിട്ടിയോട് ആവശ്യപ്പെട്ടിരുന്നു. സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള നീളം റൺവേയ്ക്കില്ലെന്നാണ് ഡി.ജി.സി.എ അറിയിച്ചിട്ടുള്ളത്. എയർപോർട്ട് അതോറിട്ടിക്കാണ് സംസ്ഥാന സർക്കാർ സ്ഥലം നൽകേണ്ടത്. ഇക്കാര്യത്തിൽ കരൺ അദാനി മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെടുമെന്നാണ് സൂചന.

വിമാനത്താവളത്തിന്റെ അടുത്തഘട്ട വികസനത്തിന് 18 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഈ സ്ഥലം അദാനി ഗ്രൂപ്പ് വിലകൊടുത്ത് ഏറ്റെടുക്കാനുള്ള താത്പര്യവും കൂടിക്കാഴ്ചയിൽ അറിയിക്കും. തുറമുഖ നിർമ്മാണത്തിന്റെ ഗ്യാപ് വയബിലിറ്റി ഫണ്ട് ഇനത്തിൽ സർക്കാർ അദാനി ഗ്രൂപ്പിന് നൽകാനുള്ള 800 കോടി രൂപ കൂടിക്കാഴ്ചയിൽ ആവശ്യപ്പെടുമെന്നാണ് സൂചന. എന്നാൽ സമരം മൂലമുണ്ടായ നാശനഷ്‌ടങ്ങളെക്കുറിച്ച് തത്കാലം അദാനി ഗ്രൂപ്പ് സർക്കാരുമായി ചർച്ച ചെയ്‌തേക്കില്ല.

തുറമുഖ പദ്ധതിപ്രദേശം സന്ദർശിച്ച ശേഷമായിരിക്കും കരൺ അദാനി മുഖ്യമന്ത്രിയെയും ഉദ്യോഗസ്ഥരെയും കാണുക. തുറമുഖനിർമ്മാണം വേഗത്തിലാക്കാൻ സർക്കാരിന്റെ പിന്തുണ മുഖ്യമന്ത്രി അറിയിക്കും. സമരം കാരണം മുടങ്ങിയ പണി കൂടുതൽ വേഗത്തിലാക്കാനുള്ള സംവിധാനമൊരുക്കാനും മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെടും.