nilave

ആറ്റിങ്ങൽ: സർക്കാരിന്റെ നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറ്റിങ്ങൽ നഗരസഭ അമ്പലമുക്ക് വാർഡിലെ പോസ്റ്റുകളിലിട്ട എൽ.ഇ.ഡി ലൈറ്റുകൾ പുനഃസ്ഥാപിക്കണമെന്നും നിലാവ് പദ്ധതിയിലെ വൻ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആറ്റിങ്ങൽ നഗരസഭാ കൗൺസിലർ കെ.ജെ. രവികുമാർ അവനവഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ഒറ്റയാൾ സമരം നടത്തി. കഴിഞ്ഞ ഓണത്തിന് മുൻപാണ് കെ.എസ്.ഇ.ബി അവനവഞ്ചേരി സെക്ഷന്റെ കീഴിലുള്ള അമ്പലമുക്ക് വാർഡിൽ പോസ്റ്റിലെ ലൈറ്റുകൾ മാറ്റി നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചത്. ഒരു വർഷത്തെ വാറന്റിയുണ്ടായിരുന്ന ലൈറ്റുകൾ ഒരാഴ്ചയാണത്രേ പ്രവർത്തിച്ചത്. ഫ്യൂസായ ലൈറ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലമുക്ക് വാർഡ് കൗൺസിലർ രവികുമാർ പരാതികൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ ലൈറ്റുകൾ റിപ്പയർ ചെയ്യുന്നതിനായി എടുത്തുമാറ്റി. എന്നാൽ നാളിതുവരെ അവ പുനഃസ്ഥാപിച്ചിട്ടില്ല. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും വിലകുറഞ്ഞ ലൈറ്റുകൾ സ്ഥാപിച്ച് നടത്തിയ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും രവികുമാർ ആവശ്യപ്പെട്ടു. ലൈറ്റുകൾ ഉടൻ പുനഃസ്ഥാപിക്കാമെന്ന കെ.എസ്.ഇ.ബി എ.ഇയുടെ ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.