തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ മുൻനിരയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂർവരോഗങ്ങൾക്ക് വേണ്ടിയുള്ള സെന്റർ ഒഫ് എക്സലൻസ് പട്ടികയിൽ ഉൾപ്പെടുത്തി.
ഏതെങ്കിലും ഒരു അപൂർവ രോഗം കണ്ടുപിടിച്ചു കഴിഞ്ഞാൽ സെന്റർ ഒഫ് എക്‌സലൻസ് പദ്ധതി വഴി ചികിത്സ ലഭിക്കും. കേരളത്തിൽ മറ്റേതെങ്കിലും ആശുപത്രിയിൽ അപൂർവ രോഗം കണ്ടെത്തിയാലും എസ്.എ.ടി ആശുപത്രിയിലെ സെന്റർ ഒഫ് എക്‌സലൻസ് വഴിയായിരിക്കണം തുടർനടപടി. സംസ്ഥാന സർക്കാർ ഇതിനായുള്ള അധിക സൗകര്യവും കൂടുതൽ ജീവനക്കാരുടെ സേവനവും ഉറപ്പ് വരുത്തും. രാജ്യത്തെ 10 പ്രധാന ആശുപത്രികളുടെ പട്ടികയിലാണ് എസ്.എ.ടി ഇടം പിടിച്ചത്. അപൂർവ രോഗങ്ങൾ കണ്ടെത്തുന്നതിലും ചികിത്സയിലും ഗവേഷണത്തിലും വിപ്ലവാത്മക മാറ്റങ്ങൾക്കുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. അപൂർവ രോഗങ്ങൾക്ക് വേണ്ടിയുള്ള ദേശീയനയമനുസരിച്ചാണ് സെന്റർ ഒഫ് എക്‌സലൻസ് പട്ടിക തയ്യാറാക്കിയത്. നിശ്ചിത മാനദണ്ഡങ്ങളനുസരിച്ച് കേന്ദ്രസംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ മികവാണ് എസ്.എ.ടിയെ പട്ടികയിലെത്തിച്ചത്. ജനിതക രോഗങ്ങളുടെ പരിശോധന, രോഗനിർണ്ണയം, ചികിത്സ എന്നിവ എസ്.എ.ടി ആശുപത്രിയിൽ സാദ്ധ്യമാണ്. മാത്രമല്ല മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണവും ലഭ്യമാണ്.
'വലിയനേട്ടമാണിത്. സമയബന്ധിതമായി സെന്റർ ഒഫ് എക്‌സലൻസ് പൂർത്തീകരണത്തിനുള്ള നടപടികൾ സ്വീകരിക്കും."
-വീണാ ജോർജ്
ആരോഗ്യമന്ത്രി