തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കഴക്കൂട്ടം ശാഖ രൂപീകൃതമായതിന്റെ വജ്രജൂബിലി ആഘോഷങ്ങളും മഹാസമ്മേളനവും കുടുംബ ഡയറക്ടറിയുടെ പ്രകാശനവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് 4ന് കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ശാഖാ പ്രസിഡന്റ് ജി. ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും അമരത്ത് 26 വർഷം പൂർത്തീകരിച്ച ജനറൽ സെക്രട്ടറിയെ ആദരിക്കും.

കഴക്കൂട്ടം ശാഖയുടെ ആഭിമുഖ്യത്തിൽ രൂപം നൽകിയ ജീവകാരുണ്യ പദ്ധതിയായ ഗുരുകാരുണ്യത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. ശാഖാ സെക്രട്ടറി കെ.ടി.രാമദാസ് സ്വാഗതം പറയുന്ന ചടങ്ങിൽ ചെമ്പഴന്തി ഗുരുകുലം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ്, സെക്രട്ടറി രാജേഷ് ഇടവക്കോട്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ചെമ്പഴന്തി ശശി, വി.മധുസൂദനൻ, യൂണിയൻ കൗൺസിലർ വി. ബാലകൃഷ്‌ണൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് വി. പദ്മിനി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എസ്.വി. ശ്രീകണ്ഠൻ, സെക്രട്ടറി എം.എൽ.അരുൺ, ശാഖാ വൈസ് പ്രസിഡന്റ് കെ.ഉണ്ണിരാജ തുടങ്ങിയവർ സംസാരിക്കും.

വജ്രജൂബിലി ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ ചെയർമാന്മാരായി കെ. ഉണ്ണിരാജ (ഫിനാൻസ് കമ്മിറ്റി), ജീവ എസ്.എസ്.( പ്രോഗ്രാം കമ്മിറ്റി), വി. ബാലകൃഷ്‌ണൻ (പബ്ലിസിറ്റി കമ്മിറ്റി), എസ്.ഗോപകുമാർ ( ഘോഷയാത്ര കമ്മിറ്റി), ദീപ്‌തി അനിൽ ( ഫുഡ്കമ്മിറ്റി ), അരുൺ.എം.എൽ ( വോളന്റിയർ കമ്മിറ്റി) എന്നിവരെയും കൺവീനർമാരായി എസ്. ശ്രീലാൽ, ലീല ടീച്ചർ, എം. ചന്ദ്രൻ, എസ്.വി. ദീപക്, ശ്രീധരൻ, കെ.പി.രേണുക, പ്രശാന്തി പി, ഗോപി, ലതാകുമാരി, അനീഷ്, മോഹനൻ എന്നിവർ ഉൾപ്പെടെ 101 അംഗ ആഘോഷക്കമ്മിറ്റിക്കും രൂപം നൽകിയതായി ശാഖാ ഭാരവാഹികൾ അറിയിച്ചു.