
ബാലരാമപുരം: ദേശീയപാതയിൽ ബാലരാമപുരം വഴിമുക്ക് ഭാഗത്ത് ടാറിംഗ് പൂർത്തിയായതിന് പിന്നാലെ വീണ്ടും കുഴിച്ച് വാട്ടർ അതോറിട്ടി. സുഗമമായ ഗതാഗതത്തിന് തടസമാകുന്ന രീതിയിലാണ് നിലവിലെ കുഴി. ബാലരാമപുരം മുതൽ വഴിമുക്ക് വരെയുള്ള റോഡിലെ കുഴികൾ അടിയന്തരമായി നികത്തണമെന്ന നാട്ടുകാരുടെ മുറവിളിക്ക് പിന്നാലെയാണ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ഒരു കോടിയിൽപ്പരം രൂപ ചെലവഴിച്ച് ടാറിംഗ് പൂർത്തിയാക്കിയത്. എന്നാൽ ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ റോഡ് വെട്ടിപ്പൊളിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. മിക്കയിടത്തും ടാറിംഗിന് പിന്നലെയാണ് വാട്ടർ അതോറിട്ടി പൈപ്പിടുന്നതെന്നാണ് ആക്ഷേപം. ഈ പ്രവണതയെ ജില്ലാ ഉപഭോക്ത ഫോറം നിരവധി തവണ ചോദ്യംചെയ്തിട്ടുണ്ട്. ടാറിംഗിനു ശേഷം റോഡ് വെട്ടിപ്പൊളിക്കുന്നത് ദുരൂഹമാണെന്നും കരാറുകാർ കുഴിയടയ്ക്കലിന്റെ പേരിൽ ബോധപൂർവം ഫണ്ട് തട്ടിപ്പിന് വഴിയൊരുക്കുകയാണെന്നും നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നു. ടാറിംഗിൽ തയ്ക്കാപള്ളി ഭാഗത്ത് കുറച്ചു ഭാഗം ഒഴിവാക്കിയതായും ആരോപണമുയർന്നിട്ടുണ്ട്. വെട്ടിപ്പൊളിച്ച ഭാഗത്ത് മരാമത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തി ടാറിംഗിന്റെ സുരക്ഷിതത്വം കൂടുതൽ ഉറപ്പ് വരുത്തണമെന്നും റീടാറിംഗ് നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നടപടിയിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും രംഗത്തെത്തിയിട്ടുണ്ട്.
മാസങ്ങളോളം സമയമുണ്ടായിട്ടും
പൈപ്പിടാൻ മാസങ്ങളോളം സാവകാശമുണ്ടായിരുന്നിട്ടും ടാറിംഗ് പൂർത്തിയായതിനു പിന്നാലെയാണ് റോഡ് വെട്ടിപ്പൊളിച്ചത്. ഇക്കാരണത്താൽ റോഡ് വീണ്ടും വിണ്ടുകീറി കൂടുതൽ അപകടക്കുഴികൾ രൂപപ്പെട്ട് വാഹനാപകടങ്ങൾക്ക് കാരണമാകും. ജെ.സി.ബി ഉപയോഗിച്ച് റോഡ് കുഴിക്കുന്നത് റോഡിന് ബലക്ഷയം സംഭവിക്കുന്നതിന് ഇടയാക്കും. ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങളാണ് ബാലരാമപുരം ദേശീയപാത വഴി കടന്നുപോകുന്നത്.