senthil

തിരുവനന്തപുരം: ആറ്റുകാലിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയതിനു പിന്നാലെ കരമനയിലും അക്രമികൾ തമ്മിൽ ഏറ്റുമുട്ടി. ബുധനാഴ്ച രാത്രി 11.30ന് നെടുങ്കാട് മുളയറത്തല ഭാഗത്തായിരുന്നു സംഭവം. ഏറ്റുമുട്ടലിനെ തുടർന്ന് നെടുങ്കാട് സ്വദേശി നന്ദുവിന് കുത്തേറ്റു. നെഞ്ചിലും വയറ്റിലും അഞ്ച് കുത്തേറ്റ നന്ദു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ നെടുങ്കാട് മുളയറത്തല സ്വദേശി സെന്തിലിനെ കരമന പൊലീസ് അറസ്റ്റുചെയ്‌തു. നന്ദുവിന്റെ കൂടെയുണ്ടായിരുന്ന ശബരി, അഭിജിത്ത് എന്നിവർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. വാഹനം കടന്നുപോകുന്നതു സംബന്ധിച്ചുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്-

സെന്തിലും നന്ദുവും‌ സംഘവുമായി നേരത്തെ മണ്ണ് കടത്ത് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായിരുന്നു. മുളയറത്തലയിൽ ബൈക്കിലെത്തിയ സെന്തിൽ വാഹനം മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ നന്ദുവും സംഘവും ഇയാളെ ചവിട്ടിവീഴ്‌ത്തി. ഇതോടെ കൈയിലുണ്ടായിരുന്ന ചെറിയ കത്തിയെടുത്ത് സെന്തിൽ നന്ദുവിനെ കുത്തുകയായിരുന്നു. ആക്രമണത്തിനു ശേഷം സമീപത്തെ ഒളിത്താവളത്തിലേക്ക് മാറിയ സെന്തിലിനെ കരമന സി.ഐ സുജിത്, എസ്.ഐമാരായ സന്തു, രാധാകൃഷ്ണൻ,​ സി.പി.ഒമാരായ സജീവ്, സാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.