തിരുവനന്തപുരം: യുവതിയുടെ ഗർഭപാത്രത്തിൽ നിന്ന് 6.5 കിലോഗ്രാം ഭാരമുള്ള ട്യൂമർ തിരുവനന്തപുരം കിംസ്‌ഹെൽത്തിൽ നീക്കം ചെയ്‌തു. ഒമ്പതുമാസം പ്രായമായ ഗർഭപാത്രത്തിന്റെ വളർച്ചയുള്ള ട്യൂമറാണ് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തത്.

കഴിഞ്ഞ ഒരുവർഷത്തോളം ട്യൂമറുമായി ജീവിച്ച കൊല്ലം സ്വദേശിയായ യുവതി അടിവയറ്റിലെ കഠിനമായ വീക്കവും അസഹ്യമായ വേദനയുമായാണ് കിംസിലെത്തിയത്. വിദഗ്ദ്ധ പരിശോധനകളിൽ ട്യൂമറിന്റെ ഉറവിടം ഗർഭപാത്രമാണെന്നും തൊട്ടടുത്തുള്ള അവയവങ്ങളെ എത്രത്തോളമത് ബാധിക്കുമെന്നും മനസിലാക്കി ഗർഭപാത്രം നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വളരെ അപൂർവമായി മാത്രമാണ് ഗർഭപാത്രത്തിൽ ഇത്രയും വലിപ്പമുള്ള ട്യൂമർ രൂപപ്പെടുത്തുന്നത്. വൃക്ക, വൻകുടൽ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇത്രയും വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്യുക ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സജിത്ത് മോഹൻ. ആർ പറഞ്ഞു.

ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗവും സീനിയർ കൺസൾട്ടന്റ് ഡോ.റഫീഖ.പി, അനസ്‌തേഷ്യ വിഭാഗം കൺസൽട്ടന്റ് ഡോ.വല്ലി എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയത്. ശസ്ത്രക്രിയയ്‌ക്കുശേഷം പൂർണ ആരോഗ്യവതിയായി യുവതി ആശുപത്രി വിട്ടു.