തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർവീസുകളുടെ ഓപ്പറേറ്റിംഗ് കേന്ദ്രങ്ങൾ നഗരത്തിന് പുറത്തേക്കു മാറ്റുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ കാരണം തിരുവനന്തപുരം നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും തൊഴിലാളി സംഘടനകൾ എതിർക്കാൻ സാദ്ധ്യതയുണ്ട്. സിറ്റി, വികാസ്ഭവൻ, പേരൂർക്കട ഡിപ്പോകൾ കേന്ദ്രീകരിച്ച് ഓടുന്ന ബസുകൾ നഗരത്തിനു പുറത്തുള്ള ഡിപ്പോകൾക്ക് കൈമാറും. യാത്രക്കാർക്ക് അസൗകര്യമുണ്ടാകില്ല. ബസുകൾ പതിവുപോലെ സർവീസ് നടത്തും. സിറ്റി ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിക്കുകയും തുടങ്ങുകയും ചെയ്യുന്നതിനാൽ ഉണ്ടാകുന്ന യാത്രാക്കുരുക്ക് ഒഴിവാക്കാനാകുമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതേരീതിയിൽ നഗരത്തിലെ മറ്റു ഡിപ്പോകളിലും ക്രമീകരണം ഏർപ്പെടുത്താനാണ് നീക്കം. നഗരത്തിന് പുറത്തു നിന്ന് ഓപ്പറേറ്റ് ചെയ്താലും ഇല്ലെങ്കിലും നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ നിലവിലേതുപോലെ ബസ് നിറുത്തേണ്ടി വരും. സിറ്റി ഡിപ്പോ ഇലക്ട്രിക് ബസുകളുടെയും സിറ്റി സർക്കുലർ ബസുകളുടെയും കേന്ദ്രമാക്കി മാറ്റും. ഇത് സംബന്ധിച്ച് മാനേജ്‌മെന്റ് തലത്തിൽ ആലോചന തുടങ്ങി. കണിയാപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട്, വെള്ളനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, വിഴിഞ്ഞം ഡിപ്പോകൾക്കാകും ബസുകൾ കൈമാറുക. ജീവനക്കാർ പുതിയ സ്റ്റേഷനുകളിലേക്ക് മാറേണ്ടിവരും. ഈ ഡിപ്പോകളിൽ നിന്നുള്ള ബസുകളും സിറ്റിയിലെ ഡിപ്പോകളിൽ നിന്നുള്ള ബസുകളും ഒരേ റൂട്ടിൽ മത്സരിച്ച് ഓടുന്നത് ഒഴിവാക്കാനാണ് പുതിയ ക്രമീകരണം. യാത്രക്കാർക്ക് സൗകര്യപ്രദമായ വിധത്തിൽ റൂട്ടുകൾ ക്രമീകരിക്കാനും നീക്കമുണ്ട്. പാറശാല ഡിപ്പോയിൽ നടപ്പാക്കിയ സിംഗിൾ ഡ്യൂട്ടി സംവിധാനം വെള്ളറട, പൂവാർ, വിഴിഞ്ഞം, കാട്ടാക്കട, പേരൂർക്കട ഡിപ്പോകളിലേക്കും നീട്ടും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിരക്കുള്ള സമയത്ത് കൂടുതൽ ബസുകൾ ഓടിക്കുകയും യാത്രക്കാർ കുറവുള്ള ഉച്ചസമയത്ത് ബസുകൾ കുറയ്ക്കുന്നതുമാണ് പുതിയ ക്രമീകരണം. സിംഗിൾഡ്യൂട്ടി ക്രമീകരണം യാത്രക്കാരെ ബാധിക്കില്ല.
നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന 2 പ്രശ്നങ്ങൾ
1 സിറ്റി ഡിപ്പോ പൂർണമായും സ്വിഫ്ടിന് കൈമാറാനുള്ള നീക്കമെന്ന് ആരോപണമുയരും
2 നഗരത്തിനു പുറത്തുള്ള ഡിപ്പോയിൽ നിന്നുള്ള നിലവിലെ സർവീസുകൾ കുറയാൻ കാരണമാകും