വർക്കല: പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി പള്ളിക്കൽ പ്ലാച്ചിവിള നരിമാത്ത് കുന്നുംപുറത്തു വീട്ടിൽ ഗോപുവിനെ (20) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വടശേരിക്കോണം കുളക്കോട്ട് പൊയ്ക സംഗീത നിവാസിൽ സജീവിന്റെയും ശാലിനിയുടെയും മകൾ സംഗീതയാണ് (17) ബുധനാഴ്ച പുലർച്ചെ ദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ വർക്കല കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കൊലപാതകം നടത്തിയതിന് ഐ.പി.സി 302 വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതി പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിക്ക് സഹായിയായി മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഉടൻതന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും വിശദമായ ചോദ്യംചെയ്യലിനും അന്വേഷണങ്ങൾക്കും തെളിവെടുപ്പിനും ശേഷം കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.