ഗ്രാന്റുകളിൽ കുറവുവരുന്നത് ആഘാതമാകും
തിരുവനന്തപുരം: റവന്യുകമ്മി നികത്തുന്നതിനുള്ള സഹായമുൾപ്പെടെ കേന്ദ്രസർക്കാർ നൽകുന്ന വിവിധ ഗ്രാന്റുകളിൽ അടുത്ത സാമ്പത്തിക വർഷം 9000 കോടിരൂപയുടെ കുറവുണ്ടാകും. അതോടെ പുതിയ ബഡ്ജറ്റിനൊരുങ്ങുന്ന സംസ്ഥാനത്തിന് ആശങ്കയേറി. കേന്ദ്രത്തിന്റെ മാനദണ്ഡങ്ങളുടെയും നയസമീപനങ്ങളുടെയും മാറ്റമാണ് കാരണം. ജനുവരി മൂന്നാം വാരത്തിലാണ് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുന്നത്.
മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി ഇപ്പോഴുണ്ടെന്നാണ് ധനവകുപ്പ് പറയുന്നത്. റവന്യു കമ്മി ഗ്രാന്റ് മുൻ വർഷത്തെ അപേക്ഷിച്ച് 6,716 കോടി രൂപ കുറഞ്ഞു. ഈ വർഷത്തെ കടമെടുപ്പു പരിധിയിൽ 24,638.66 കോടി രൂപ കേന്ദ്രം വെട്ടിച്ചുരുക്കി. ജി.എസ്.ടി വരുമാന നഷ്ടപരിഹാരത്തിൽ അനുകൂല തീരുമാനം വന്നിട്ടില്ല.
സംസ്ഥാനത്തിന്റെ വായ്പാബാദ്ധ്യത മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 37.18 ശതമാനമാണ്. ഇത് 25 ശതമാനത്തിൽ പിടിച്ചുനിറുത്തണമെന്നാണ് ധനകാര്യകമ്മിഷൻ പറയുന്നത്. എന്നാൽ, കേന്ദ്രസഹായം ഇതനുസരിച്ച് കൂട്ടുന്നില്ലെന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ വികസന സൂചികകൾ കണക്കിലെടുത്ത് വർഷംതോറും കുറച്ചുകൊണ്ടുവരുന്ന സമീപനമാണുള്ളത്. 3.9 ശതമാനം കിട്ടിയിരുന്ന കേന്ദ്രവിഹിതം ഇപ്പോൾ 1. 9 ശതമാനമായി കുറഞ്ഞു.
അതേസമയം, കൊവിഡും പ്രകൃതിദുരന്തങ്ങളും മൂലം തകർന്ന സാമൂഹ്യ, സാമ്പത്തിക, അടിസ്ഥാനസൗകര്യമേഖലയിൽ പിന്നാക്കം പോകാൻ സംസ്ഥാനത്തിനാകില്ല. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷം വരുമാനം കൂട്ടാൻ കടുത്ത നടപടികൾക്ക് മുതിരാതെയാണ് സംസ്ഥാനബഡ്ജറ്റ് അവതരിപ്പിച്ചത്. പൊതുകടം നിയന്ത്രിക്കുന്ന കാര്യത്തിൽ കേന്ദ്രം പുലർത്തുന്ന കടുംപിടിത്തത്തിൽ ഇതുവരെ ഇളവൊന്നുമില്ല. നികുതി കൂട്ടാനാകാത്ത ജി.എസ്.ടിക്കാലത്ത് വരുമാനം കണ്ടെത്താൻ പുതുവഴികൾ തേടുകയാണ് ധനമന്ത്രി.
കേന്ദ്രത്തിന് മുമ്പേ സംസ്ഥാന ബഡ്ജറ്റ്
ഇക്കുറി കേന്ദ്രബഡ്ജറ്റിന് മുമ്പേ സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുന്നുവെന്ന സവിശേഷതയുണ്ട്. സമ്പൂർണ്ണ ബഡ്ജറ്റ് പാസാക്കി വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും വരുമാന വർദ്ധനവിനും സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. യാഥാർത്ഥ്യബോധത്തോടെ വെല്ലുവിളികൾ ഏറ്റെടുക്കാനാണ് രണ്ടാംബഡ്ജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഒരുങ്ങുന്നതെന്നാണ് സൂചന.
ശമ്പളച്ചെലവ്
28,763 കോടി
കഴിഞ്ഞ വർഷം
45,585കോടി
ഈ വർഷം
പെൻഷൻ ചെലവ്
18,943 കോടി
കഴിഞ്ഞ വർഷം
26,892കോടി
ഈ വർഷം
24,777 കോടി
അധികച്ചെലവ്
53,137കോടി
ധനക്കമ്മി നികത്താൻ
2020-21 മുതൽ 2023-24വരെ
39,605കോടി
ഈ വർഷം ജൂലായ് വരെ