തിരുവനന്തപുരം: പന്ത്രണ്ട് വയസിനുതാഴെയുള്ള കുട്ടികളിലെ വളർച്ചാവൈകല്യങ്ങൾ തുടക്കത്തിലേ കണ്ടെത്തി ആയുർവേദ ചികിത്സാവിധികളിലൂടെ പരിഹരിക്കുന്നത് ലക്ഷ്യമിട്ട് തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിലെ ബാലചികിത്സാ വിഭാഗവുമായി ചേർന്ന് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിവരുന്ന സ്‌നേഹധാര പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനം.കഴിഞ്ഞ ഭരണസമിതിയാണ് പദ്ധതി നടപ്പാക്കിയതെങ്കിലും കൃത്യമായ രീതിയിൽ മുന്നോട്ടുപോയിരുന്നില്ല. പുതിയ സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റിൽ പദ്ധതിക്കായി വലിയൊരു തുക മാറ്റിവച്ച് നടത്തിപ്പ് സജീവമാക്കാനാണ് ജില്ലാ പഞ്ചായത്ത് അധികൃതർ ആലോചിക്കുന്നത്.ആയുർവേദ ചികിത്സയ്‌ക്കൊപ്പം ഫിസിയോതെറാപ്പിസ്റ്റ്, സ്‌പീച്ച് തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനവും പദ്ധതിയിലുണ്ടാകും.
ശാരീരിക വൈകല്യമുളള കുട്ടികൾക്ക് ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം
സംഭാഷണ വൈകല്യങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സ്‌പീച്ച് തെറാപ്പിസ്റ്റ്
പെരുമാറ്റ നവീകരത്തിന് സൈക്കോളജിസ്റ്ര്
മാതാപിതാക്കൾക്കും പരിശീലനം
പദ്ധതിയുടെ ഭാഗമായി മാതാപിതാക്കൾക്കും അങ്കണവാടി പ്രവർത്തകരായ ആയമാർക്കും ജില്ലയിലുടനീളം പരിശീലനം നൽകും. ഗ്രാമപഞ്ചായത്തുതലത്തിൽ ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്താൻ വോളന്റിയർമാരുടെ സേവനം പ്രയോജനപ്പെടുത്തും. അതത് ഗ്രാമപഞ്ചായത്തുകൾ തയ്യാറാക്കുന്ന ലിസ്റ്റ് ബ്ലോക്ക് പഞ്ചായത്തുകൾ വഴി ജില്ലാ പഞ്ചായത്തിലേക്ക് എത്തിച്ചാകും വിപുലമായ പട്ടിക തയ്യാറാക്കുക.
പദ്ധതി പുരോഗതി ഇങ്ങനെ
സ്‌നേഹധാര പദ്ധതി വഴി ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥികളുടെ കായികമായ കഴിവുകൾക്ക് 54 ശതമാനവും ഭാഷാ പരിജ്ഞാനത്തിലും സംസാരശേഷിയിലും 11 ശതമാനവും പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. ബുദ്ധിമാന്ദ്യം പ്രധാന ലക്ഷണമായ വിഭാഗക്കാരുടെ സാമൂഹിക പക്വത 4 ശതമാനവും പെരുമാറ്റരീതികൾ 8 ശതമാനവും ഹൈപ്പർ ആക്‌ടിവിറ്റി 39 ശതമാനവും ഭാഷാഗ്രഹണം 16 ശതമാനവും സംസാരശേഷി 17 ശതമാനവും ജീവിതനിലവാരം 10.03 ശതമാനവും പദ്ധതിയിലൂടെ വർദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
'മുൻ വർഷങ്ങളിൽ സ്‌നേഹധാര പദ്ധതിക്ക് ലഭിച്ച സാമൂഹിക അംഗീകാരവും ഗുണപരമായ നേട്ടങ്ങളും പരിഗണിച്ചാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. പദ്ധതി നടത്തിപ്പിനായി കൂടുതൽ തുക വരുന്ന സാമ്പത്തിക വർഷം മാറ്റിവയ്‌ക്കും.'
ഡി.സുരേഷ് കുമാർ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്