waste

കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയത്തിൽ നിന്നും മലിന ജലം റോഡിലേക്ക് ഒഴുകുന്നതായി പരാതി. ഇതുകാരണം ബസ് യാത്രക്ക് എത്തുന്നവരും റോഡിലൂടെയുള്ള വഴിയാത്രാക്കാർക്കും ഇതുവഴി സഞ്ചരിക്കാനാകുന്നില്ല. പ്രധാന റോഡിൽ മലിന ജലം കെട്ടിക്കിടക്കുന്നത് കാരണം ഓട്ടോ തൊഴിലാളികളും ദുരിതത്തിലായി.

കാർബൺ ന്യൂട്രൽ മണ്ഡലം, ആനന്ദ ഗ്രാമം പഞ്ചായത്ത്, മാലിന്യ മുക്ത മണ്ഡലം എന്നിങ്ങനെ ഊറ്റം കൊള്ളുന്ന കാട്ടാക്കടയിലാണ് മാസങ്ങളായി മാലിന്യ പ്രശ്നം ശ്രദ്ധയിൽ പെടുത്തിയിട്ടും ആരും തിരിഞ്ഞു നോക്കാത്തത്. യാത്രക്കാരും ഓട്ടോ തൊഴിലാളികളും ഉൾപ്പടെ നിരവധി തവണ പരാതിപ്പെട്ടിട്ടുംഡിപ്പോ അധികൃതരോ പഞ്ചായത്തോ ആരോഗ്യവകുപ്പോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമൂണ്ട്.

ഡിപ്പോയിലേയ്ക്ക് ബസുകൾ കയറുന്ന വശത്ത് വാണിജ്യ സമുച്ചയത്തിലെ പടികെട്ടിന് ചേർന്നാണ് ടോയ്ലെറ്റിൽ നിന്നും പൊതു നിരത്തിലേക്ക് മലിന ജലം ഒഴുകുന്നത്. ഇതിന് പുറത്തുകൂടെ ചവിട്ടിയാണ് സ്കൂൾ കുട്ടികൾ ഉൾപ്പെടെ സഞ്ചരിക്കുന്നത്. മലിനജലം ഒഴുകിയെത്തി അവസാനിക്കുന്നത് ഓട്ടോ റിക്ഷ സ്റ്റാൻഡിലാണ്. ഇവിടെ ഓടയിലേക്ക് ഇറങ്ങി വഴിയിലും ഓടയിലുമായി കെട്ടി കിടക്കുന്ന ജലത്തിൽ നിന്നുള്ള ദുർഗന്ധം കാരണം ഇവർക്ക് വാഹനം ഇവിടെ നിറുത്തിയിടാൻ തന്നെ പ്രയാസമാണ്.

റോഡിൽ കെട്ടി കിടക്കുന്ന മലിന ജലത്തിൽ വാഹനങ്ങൾ കയറുമ്പോൾ മലിന ജലം തെറിച്ചു യാത്രാക്കാരുടെ പുറത്ത് വീഴുന്നതും പതിവാണ്.മലിന ജലം കൊണ്ടുള്ള ദുരിതത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.