
ശിവഗിരി: ഉത്തമ സമൂഹ സൃഷ്ടിക്ക് ശ്രീനാരായണ ഗുരുദർശനത്തിന്റെ പ്രചാരണം അനിവാര്യമായിരിക്കുന്നുവെന്ന് കേന്ദ്ര വിദേശ - പാർലമെന്ററി കാര്യവകുപ്പ് സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. വർത്തമാനകാല സംഭവങ്ങൾ ഗുരുദർശനത്തിന്റെ പ്രസക്തിയാണ് വിളിച്ചോതുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
90-ാമത് ശിവഗിരി തീർത്ഥാടന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുരളീധരൻ.
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ ജീർണതകളിൽ നിന്ന് പുറത്തുകടക്കാൻ ഗുരുദർശനങ്ങളിലൂടെയേ സാധിക്കൂ.ഗുരുദേവന്റെ മണ്ണ് ഇന്ന് ഹിംസാത്മകമായി മാറി. നരബലി നടത്തുന്ന തരത്തിൽ നമ്മുടെ നാട് പിന്നോട്ടു പോയി. നാടിനെ നയിക്കുന്നവർക്ക് അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. മതരാഷ്ട്രവാദികളുടെ ചോരക്കളിയാണ് ഇപ്പോൾ നടക്കുന്നത്. സംഘർഷത്തിലൂടെയല്ല, സമന്വയത്തിലൂടെയാണ് ഗുരുദേവൻ സാമൂഹിക പരിവർത്തനം നടത്തിയത്.സമൂഹം ഒരു പരിവർത്തനം ആഗ്രഹിക്കുന്നുവെന്നും
മുരളീധരൻ അഭിപ്രായപ്പെട്ടു.
മതത്തിനും ജാതിക്കുമല്ല, മറിച്ച് മനുഷ്യനാണ് ഗുരുദേവൻ പ്രാധാന്യം നൽകിയതെന്ന് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സമൂഹത്തിന്റെ നന്മ മുൻകൂട്ടി കാണാനും അത് നടപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാനും അദ്ദേഹത്തിന് സാധിച്ചു. മഹത്തായ കാര്യങ്ങൾ ലളിതമായി പറഞ്ഞുവെന്നതാണ് ഗുരുദേവന്റെ മഹത്വം. യതിവര്യനെന്ന ചിന്തയിലൂടെ പോരാട്ടങ്ങളിലേക്കും അദ്ദേഹം എത്തി. സംഘടനയുടെ ശക്തി എന്തെന്ന് ഗുരുദേവൻ തിരിച്ചറിഞ്ഞിരുന്നു. ദുരിതപൂർണ്ണമായിരുന്ന കേരള സമൂഹത്തെ ഗുരുദേവൻ മാറ്റിമറിക്കുകയായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു.