
ശിവഗിരി: ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഏകലോക വ്യവസ്ഥയുടെ മഹാപ്രവാചകനാണ് ഗുരുദേവനെന്നും 90-ാമത് ശിവഗിരി തീർത്ഥാടന ഉദ്ഘാടന സമ്മേളനത്തിലെ അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരു പ്രത്യേക മതം സ്ഥാപിക്കാനല്ല തുനിഞ്ഞത്. മനുഷ്യനിഷ്ഠമായ ഏകലോക ദർശനമാണ് മുന്നോട്ടുവച്ചത്. ഐക്യരാഷ്ട്രസഭ ലോക രാജ്യങ്ങളുടെ ഏകതയെക്കുറിച്ച് പ്രതിപാദിക്കും മുമ്പാണിതെന്നതും ശ്രദ്ധേയമാണ്. ശിവഗിരി തീർത്ഥാടനത്തിലും ഗുരുവിന്റെ ദർശനം വ്യക്തമായി കാണാം. ഇന്ത്യയുടെ ആത്മാവാണ് ഗുരുദേവനെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. കേന്ദ്ര സർക്കാർ ശിവഗിരിയോട് അനുഭാവപൂർവമായ നിലപാടാണ് സ്വീകരിക്കുന്നത്. ശിവഗിരിയും ചെമ്പഴന്തി ഗുരുകുലവും അരുവിപ്പുറവും കുന്നുംപാറയുമെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള വലിയ പദ്ധതിയാണ് കേന്ദ്രം നടപ്പാക്കുന്നത്. എങ്കിലും ശിവഗിരി വികസന പദ്ധതികളുടെ വേഗത പോരെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
കഴിഞ്ഞ 90 വർഷങ്ങളായി നടക്കുന്ന ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യങ്ങൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. സമൂഹത്തിന്റെ നന്മയും ഉയർച്ചയുമാണ് ഗുരുവിന്റെ സന്ദേശവും തീർത്ഥാടന ലക്ഷ്യവും. മനസിനെ നവീകരിക്കാൻ ശിവഗിരി തീർത്ഥാടനം ഉപകരിക്കുന്നുണ്ടെന്നത് വലിയ സത്യമാണ്. ഏവരെയും ഞെട്ടിക്കുന്ന സംഭവ വികാസങ്ങൾക്കാണ് വർത്തമാന കാലഘട്ടം സാക്ഷ്യം വഹിക്കുന്നത്.ഗുരുദർശനമാണ് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പോംവഴി. ആത്മീയ, ഭൗതിക രംഗങ്ങളെ സമന്വയിപ്പിച്ചതാണ് ഗുരുദേവ ദർശനത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈനംദിന ജീവിതത്തിൽ നിന്ന് ഗുരുദേവ ദർശനത്തെ മാറ്റി നിറുത്താനിവില്ലെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി സൂക്ഷ്മാനന്ദ പറഞ്ഞു. സങ്കീർണ്ണമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഗുരുദർശനത്തിന് കഴിയും. ആത്മീയതയിലെ ആദ്യ ബിംബമായ ഗുരുദേവൻ തന്റെ ദർശനത്തെ വ്യത്യസ്ത രീതിയിലാണ് പ്രായോഗികമാക്കിയത്. ഗുരുദർശനം ദൈവിക അനുഭവമായി മാറുകയാണെന്നും
അദ്ദേഹം പറഞ്ഞു.