തിരുവനന്തപുരം : പുരുഷമേധാവിത്വത്തിൽ നിന്ന് സമൂഹം മോചിതമായിട്ടില്ലെന്നും സ്ത്രീവിരുദ്ധ ശക്തികൾക്ക് കേരളീയ സമൂഹത്തിൽ ശക്തമായ സ്വാധീനം ഇപ്പോഴുമുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാസമ്മേളനത്തിന്റെ ഭാഗമായി അയ്യങ്കാളി ഹാളിൽ ആരംഭിച്ച ചരിത്ര ചിത്രപ്രദർശനം ദൃശ്യഭൂമികയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുൻമന്ത്രി പി.കെ.ശ്രീമതി അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.കെ.ശൈലജ, കടകംപള്ളി സുരേന്ദ്രൻ,സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,മഹിളാ അസോസിയേഷൻ നേതാക്കളായ സി.എസ്.സുജാത, എ.ജി.ഒലീന, ടി.എൻ.സീമ, പുഷ്പലത,മീനാംബി,എക്‌സിബിഷൻ കമ്മിറ്റി ചെയർപേഴ്സൺ ഡോ.ടി.കെ.ആനന്ദി തുടങ്ങിയവർ സംസാരിച്ചു. 25ചിത്രകാരികളുടെ 35ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. രാജസ്ഥാനിൽ നിന്നുള്ള ദീപികുമാവത്തിന്റെയും ഡൽഹിയിലെ മെഹകിന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ രണ്ടുദിവസമായി സംഘടിപ്പിച്ച വനിതാ ചിത്രകാരികളുടെ ശില്പശാലയിൽ നിന്നാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ജനുവരി 10വരെ നടക്കുന്ന ചിത്രപ്രദർശനത്തിന്റെ ഭാഗമായി ദിവസവും വൈകിട്ട് അയ്യങ്കാളി ഹാളിൽ സമകാലിക വിഷയങ്ങളെയും പുസ്തകങ്ങളെയും കുറിച്ച് ചർച്ചകളും കലാപരിപാടികളും നടക്കും. ജനുവരി 6 മുതൽ 9വരെയാണ് സമ്മേളനം.