
തിരുവനന്തപുരം: കാർഷിക സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിയെ ഗവർണർ ചുമതലയിൽ നിന്ന് നീക്കും.
സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല പ്രൊഫ. സിസാ തോമസിന് നൽകിയതിനെതിരായ കേസിൽ, ഇഷിതാ റോയിക്ക് വി.സിയാവാനുള്ള യോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. വി.സിയുടെ താത്കാലിക ചുമതല നൽകുമ്പോഴും, 10 വർഷം പ്രൊഫസറായുള്ള അക്കാഡമിക് വിദഗ്ദ്ധരെയേ വി.സിയാക്കാവൂ എന്ന യു.ജി.സി ചട്ടം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ട്. സർക്കാരിന്റെ ശുപാർശ പ്രകാരമാണ് ഇഷിതാറോയിക്ക് വി.സിയുടെ ചുമതല ഗവർണർ നൽകിയത്.
കഴിഞ്ഞ 23 വരെ ഇഷിതാ റോയി അവധിയിലായിരുന്നപ്പോൾ, വെള്ളായണി കാർഷിക കോളജിലെ പ്രൊഫസർ ഡോ. കെ. ആര്യയ്ക്ക് വി.സിയുടെ ചുമതല നൽകിയിരുന്നു. ഇതിനെതിരായ ഹൈക്കോടതിയിലെ കേസിൽ, തനിക്ക് വി.സിയായി തുടരാൻ താത്പര്യമില്ലെന്ന് ഇഷിതാ റോയി സത്യവാങ്മൂലം നൽകിയിരുന്നു. ഡോ. ആര്യയ്ക്കു തുടർനിയമനം നൽകുന്ന ഉത്തരവ് കൃഷി വകുപ്പ് ഇറക്കാതിരുന്നതോടെ, അവധി കഴിഞ്ഞെത്തിയ ഇഷിതാ റോയി വി.സിയായി തുടരുകയാണ്.
സർവകലാശാലയിലെ ഒരു സീനിയർ പ്രൊഫസർക്ക് വി.സിയുടെ ചുമതല നൽകാൻ സർക്കാർ ശുപാർശ നൽകട്ടെയെന്നാണ് ഗവർണറുടെ നിലപാട്. എന്നാൽ, ചാൻസലറാണ് നടപടിയെടുക്കേണ്ടതെന്ന് സർക്കാർ പറയുന്നു. ഹൈക്കോടതി ഉത്തരവ് ലഭിച്ചശേഷം അതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് കൃഷി വകുപ്പ് വ്യക്തമാക്കി. ജനുവരി രണ്ടിന് ഗവർണർ തിരിച്ചെത്തിയ ശേഷം, മന്ത്രി പി. പ്രസാദുമായി കൂടിയാലോചിച്ച് സീനിയർ പ്രൊഫസർക്ക് വി.സിയുടെ ചുമതല നൽകും. സർക്കാരുമായി കൂടിയാലോചിക്കണമെന്ന് സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയുള്ളതിനാലാണിത്.
ഫിഷറീസ് വാഴ്സിറ്റി
കക്ഷി ചേരേണ്ടെന്ന്
വീണ്ടും ഗവർണർ
തിരുവനന്തപുരം: വി.സി സ്ഥാനത്തുനിന്ന് പുറത്താക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിൽ റിജി ജോൺ നൽകിയ അപ്പീലിൽ ഫിഷറീസ് യൂണിവേഴ്സിറ്റി കക്ഷിചേരുന്നത് ഗവർണർ വീണ്ടും തടഞ്ഞു.
അഭിഭാഷകനെ നിയോഗിക്കാൻ ജനറൽ കൗൺസിൽ പ്രമേയം പാസാക്കി ഗവർണർക്ക് അയച്ചിരുന്നു. അന്നുതന്നെ ഇത് ഗവർണർ വിലക്കിയിരുന്നു.
ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് വാഴ്സിറ്റി വീണ്ടും അഭ്യർത്ഥിച്ചപ്പോഴാണ് സ്റ്റേ നിലനിൽക്കുകയാണെന്നും പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ഗവർണർ അറിയിച്ചത്.
പുറത്താക്കപ്പെട്ടയാൾ വ്യക്തിപരമായി നൽകിയ കേസിൽ ലക്ഷങ്ങൾ മുടക്കി അഭിഭാഷകനെ നിയോഗിക്കുന്നതാണ് ഗവർണർ തടഞ്ഞത്. നേരത്തേ, റിജി ജോണിനെ പുറത്താക്കിയ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീംകോടതി, ഭരണ സ്തംഭനമൊഴിവാക്കാൻ പകരം സംവിധാനമൊരുക്കാൻ ചാൻസലർക്ക് നിർദ്ദേശം നൽകിയിരുന്നു.
തുടർന്ന് താല്ക്കാലിക വി.സിയായി ചുമതല ലഭിച്ച റിജി ജോണിന്റെ ഭാര്യ
ഡോ.എം.റോസലിൻഡ് ജോർജ് അടിയന്തര ഗവേണിംഗ് കൗൺസിൽ വിളിക്കുകയും
അഭിഭാഷകനെ നിയോഗിക്കാൻ കൗൺസിൽ തീരുമാനിക്കുകയും ചെയ്തതായി സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു.
മോട്ടോർതൊഴിലാളി
ക്ഷേമനിധി ബിൽ
രാഷ്ട്രപതിക്ക്
തിരുവനന്തപുരം: നിയമസഭ പാസാക്കിയ മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണറുടെ നിർദ്ദേശം. പാർലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമാവാനിടയുള്ളതിനാൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന നിയമ വകുപ്പിന്റെ ശുപാർശ ബില്ലിനൊപ്പം രാജ്ഭവനിൽ എത്തിച്ചിരുന്നു.
1985ലെ മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി ആക്ടിലാണ് സർക്കാർ ഭേദഗതി വരുത്തിയത്. ഇതുപ്രകാരം ആട്ടോമൊബൈൽ വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നവരെക്കൂടി ക്ഷേമനിധിയുടെ ഭാഗമാക്കി. മെക്കാനിക്ക്, ഡ്രൈവർ, ക്ലീനർ, ഫിറ്റർ, ഇലക്ട്രീഷ്യൻ, ഫയർമാൻ, ടർണർ, ബാറ്ററിമാൻ, പെയിന്റർ, വെൽഡർ, ഗ്രീസർമാൻ, വൾക്കനൈസർ, സ്പ്രേ പെയിന്റർ, വർക്ക്ഷോപ്പ് അറ്റൻഡർ, ബോഡി ബിൽഡിംഗ് തൊഴിലാളികൾ, കൊല്ലൻ, സഹായി, ഓഫീസ് ജീവനക്കാർ എന്നിവരെയും ഉൾപ്പെടുത്തി. പൂട്ടിയിട്ടിരിക്കുന്ന കശുഅണ്ടി ഫാക്ടറികൾ ഏറ്റെടുക്കാനുള്ള ബില്ലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടും..