
ശിവഗിരി: രാജ്യം വെല്ലുവിളികൾ നേരിട്ട ഘട്ടങ്ങളിലെല്ലാം അവയെ നേരിടാൻ ശ്രീനാരായണഗുരുദേവ ദർശനം സഹായകമായിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മോദി സർക്കാരിനെ നയിക്കുന്നത് ഗുരുവിന്റെ സങ്കൽപ്പങ്ങളാണെന്നും 90-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് രാജ്നാഥ് സിംഗ് പറഞ്ഞു.
ശിവഗിരിയുമായി ബന്ധപ്പെടുത്തി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 70 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കുന്നതിന്റെ വേഗത കൂട്ടുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. സംഘടന കൊണ്ട് ശക്തരാവുകയെന്ന ഗുരുവിന്റെ ഉപദേശത്തിന്റെ സത്ത ഉൾക്കൊണ്ടാണ് രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നത്. ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകുമ്പോൾ വിദ്യാഭ്യാസവും കൃഷിയും ശാസ്ത്രസാങ്കേതിക രംഗവുമടക്കം എട്ട് പ്രധാന വിഷയങ്ങളാണ് ഗുരു വിഭാവനം ചെയ്തത്. രാജ്യം ഇപ്പോൾ എത്തി നിൽക്കുന്ന പ്രധാന മേഖലകളിലെ വളർച്ച 90 വർഷം മുമ്പേ മുൻകൂട്ടിക്കാണാൻ യുഗപ്രഭാവനായ ഗുരുദേവന് സാധിച്ചു. കേന്ദ്രത്തിന്റെ ആത്മനിർഭർ ഭാരത് പദ്ധതി ഗുരുദർശനത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഈശ്വരനെ ആരാധിക്കാൻ എല്ലാവർക്കും സാധിക്കാതിരുന്ന കാലത്താണ് ഗുരുദേവൻ താഴെത്തട്ടിലുള്ളവർക്കായി പ്രവർത്തിച്ചത്. മനുഷ്യരെല്ലാം ഒന്നാണെന്ന സാരമായിരുന്നു അതിന് പിന്നിൽ. ഉപനിഷത്തുകളിലും ഈ സിദ്ധാന്തം കാണാം. തത്വമസിയെന്ന മഹത്തരമായ സങ്കൽപ്പമാണ് ഗുരുവിഭാവനം ചെയ്തത്. ഗുരുദേവൻ നടത്തിയ കണ്ണാടി പ്രതിഷ്ഠ ആത്മീയ ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ളവമായിരുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുദർശനം വസുദൈവ കുടുംബകമെന്ന ഭാരതീയ സങ്കൽപത്തിന് അടിവരയിടുന്നതാണ്. ഗുരുദേവന്റെ നാമം പ്രധാനമന്ത്രിയും താനും പലപ്പോഴും പ്രാർത്ഥനയിൽ ഉൾപ്പെടുത്താറുണ്ട്.
കാശി വടക്കേ ഇന്ത്യയിലെ ആത്മീയ ചൈതന്യമുള്ള പുണ്യഭൂമിയാണെങ്കിൽ തെക്കേയിന്ത്യയിൽ അത് ശിവഗിരിയാണ്. അതിർത്തി സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. ഗുരുദേവ ദർശനം മുറുകെ പിടിക്കുന്നതു കൊണ്ടാണ് ഇന്ത്യൻ സൈന്യത്തിന് കരുത്തോടെ അതിർത്തി കാക്കാൻ കഴിയുന്നത്. ഗുരുവിന്റെ ആത്മീയ ചിന്തകൾ സംരക്ഷിക്കേണ്ട ചുമതല സന്യാസി സമൂഹത്തിനാണെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
ശ്രീനാരായണധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു.
ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, യോഗനാദം ന്യൂസ് ചെയർമാൻ സൗത്ത് ഇന്ത്യൻ ആർ. വിനോദ് എന്നിവർ ആശംസകളർപ്പിച്ചു. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ മുഖ്യാതിഥിയായി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ബോർഡംഗം സ്വാമി സൂക്ഷ്മാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രവാസി സമ്മാൻ പുരസ്കാര ജേതാവ് കെ.ജി. ബാബുരാജ്, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, വി.ജോയി എം.എൽ.എ, വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി തുടങ്ങിയവർ പങ്കെടുത്തു.
നവതി തീർത്ഥാടന കമ്മിറ്റി വർക്കിംഗ് ചെയർമാൻ പി.എസ്. ബാബുറാം നിർമ്മിച്ച ഗാനങ്ങളുടെ ആൽബം സ്വാമി സച്ചിദാനന്ദ കേന്ദ്ര പ്രതിരോധ മന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു. കേരളകൗമുദി പ്രസിദ്ധീകരിച്ച ശിവഗിരി തീർത്ഥാടന പ്രത്യേക പതിപ്പും സ്വാമി സച്ചിദാനന്ദ രചിച്ച ഗുരുദേവന്റെ സുവർണ്ണരേഖകൾ, ഡോ. ഗീതാ സുരാജ് രചിച്ച ദൈവദശകം എന്ന ദൈവോപനിഷത്ത് എന്നീ പുസ്തകങ്ങളും പ്രതിരോധ മന്ത്രി പ്രകാശനം ചെയ്തു. സ്വാമി ചൈതന്യാനന്ദ ഭദ്രദീപ പ്രകാശനം നടത്തി. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വാഗതവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു.