
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ്-റെയിൽ-വ്യോമ-ജലഗതാഗത മാർഗങ്ങൾ സംയോജിപ്പിച്ചുള്ള സമഗ്ര ഗതാഗതപദ്ധതി മാർച്ചിൽ തയ്യാറാകുന്നതോടെ, ഫയലിൽ കുരുങ്ങിയ ലൈറ്റ്മെട്രോ പദ്ധതിക്ക് വീണ്ടും ജീവൻവയ്ക്കും. റിപ്പോർട്ടിലുള്ള ഗതാഗത സാഹചര്യം വിലയിരുത്തിയാകും ലൈറ്റ് മെട്രോയാണോ നിയോമെട്രോയാണോ വേണ്ടതെന്ന് തീരുമാനിക്കുക.
കരമന മുതൽ പള്ളിപ്പുറം ടെക്നോസിറ്റി വരെ ലൈറ്റ്മെട്രോയാണ് നിർദ്ദിഷ്ട പദ്ധതിയെങ്കിലും വിമാനത്താവളത്തിലേക്കും ടെക്നോപാർക്കിലേക്കും നീട്ടുന്നതാണ് പ്രധാനമായി പഠിക്കുക. കൊച്ചി മെട്രോ കോർപ്പറേഷനാണ് ചുമതല. പൊതുഗതാഗത സംവിധാനങ്ങൾ മെട്രോയ്ക്കൊപ്പം ചേർക്കാൻ സംയോജിത ട്രാൻസ്‌പോർട്ട് അതോറിട്ടി രൂപീകരിച്ചശേഷമാകും കേന്ദ്രാനുമതിക്കായി അപേക്ഷിക്കുക. വിമാനത്താവളവും ടെക്നോപാർക്കും ഉൾപ്പെടുന്നതോടെ പദ്ധതി ലാഭകരമാവുമെന്നാണ് വിലയിരുത്തൽ.
നിർദ്ദിഷ്ട റൂട്ടിനൊപ്പം വിമാനത്താവളത്തിലേക്കും ടെക്നോപാർക്കിലേക്കും ലൂപ്പ് സർക്കിൾ ഉൾപ്പെടുത്തുന്നതാണ് പരിഗണനയിലെന്ന് കൊച്ചി മെട്രോ എം.ഡി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. ടെക്നോപാർക്കിന്റെ മൂന്ന് ഫേസുകളെ ബന്ധിപ്പിച്ചാൽ 31,000 ടെക്കികൾക്ക് നിത്യേന യാത്രാസൗകര്യമാകും. അവിടെ 360 ഐ.ടി കമ്പനികളും 60,000 ടെക്കികളുമുണ്ട്. അനുബന്ധ തൊഴിലാളികളടക്കം പ്രതിദിനം ഒന്നരലക്ഷം പേർ കഴക്കൂട്ടത്ത് വന്നുപോകുന്നുണ്ടെന്നാണ് കണക്ക്. റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റാൻഡ് കണക്ടിവിറ്റിയുണ്ടെങ്കിൽ മെട്രോയാത്ര ജനങ്ങൾ ശീലമാക്കുമെന്നാണ് കണക്കുകൂട്ടൽ.
സ്വകാര്യപങ്കാളിത്തം നിർബന്ധമാക്കിയുള്ള കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയത്തിന് അനുസൃതമായാകും പദ്ധതിരേഖ പുതുക്കുക. ടിക്കറ്റ് വിതരണം,എലിവേറ്റർ,ലിഫ്‌റ്റ് എന്നിവയിൽ 213കോടിയുടെ സ്വകാര്യനിക്ഷേപം മതിയെന്നായിരുന്നു മുൻ തീരുമാനം. കേന്ദ്രനയപ്രകാരം സ്വകാര്യനിക്ഷേപം ഉയർത്തേണ്ടിവരും. കേന്ദ്രാനുമതി നേടിയെടുക്കൽ,പാലങ്ങളടക്കം അനുബന്ധ നിർമ്മാണം എന്നിവയുടെ ചുമതലയും കൊച്ചി മെട്രോയ്ക്കാണ്. 4673കോടിയാണ് ലൈറ്റ്മെട്രോയ്ക്ക് ചെലവ് കണക്കാക്കിയതെങ്കിലും ഡി.പി.ആർ പുതുക്കുമ്പോൾ ചെലവുയരും.
മെട്രോയോ നിയോയോ
ലൈറ്റ്മെട്രോയുടെ ചെലവു കുറഞ്ഞ, പരിഷ്‌കരിച്ച രൂപമായ നിയോ ആണ് ചെറുനഗരങ്ങൾക്കെല്ലാം കേന്ദ്രം അനുവദിക്കുന്നത്.
തൂണുകൾക്ക് മുകളിലൂടെയും റോഡിലൂടെയും ഓടിക്കാവുന്ന ട്രെയിനാണിത്.
യൂറോപ്പിലെ പൊതുഗതാഗത സംവിധാനം. ബാറ്ററി ഉപയോഗിച്ച് 20 കിലോമീറ്റർ ഓടിക്കാം. കയറ്റം കയറാനും ബുദ്ധിമുട്ടില്ല.
റോഡിന്റെ മദ്ധ്യത്തിലെ തൂണിൽ പാളം ഉറപ്പിച്ച് ഓടിക്കാം.
മെട്രോയുടെ ഇരുമ്പുചക്രത്തിനുപകരം നിയോയ്ക്ക് ടയറാണ്. 12മീറ്റർ എ.സി കോച്ചുകൾ
മൂന്നെണ്ണമുണ്ടാവും. ഒരെണ്ണത്തിൽ 70 യാത്രക്കാർ.
കിലോമീറ്ററിന് - ചെലവ്
250കോടി
മെട്രോയ്‌ക്ക്
150കോടി
ലൈറ്റ്മെട്രോയ്‌ക്ക്
75കോടി
നിയോയ്‌ക്ക്