വെമ്പായം: കഴിഞ്ഞ കുറെ നാളുകളായി റബർ കർഷകർക്ക് പറയാനുള്ളത് ദുരിതകഥ മാത്രം. വിലയിലെ ചാഞ്ചാട്ടവും ഉത്പാദനക്കുറവുമാണ് റബർ കർഷകരെ കണ്ണീരിലാഴ്ത്തിയത്. ആറു മാസം മുൻപ് നാലാം ഗ്രേഡിന് 180 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 125 ലേക്ക് താഴ്ന്നു. ഉണക്ക് കുറഞ്ഞ റബറിന് 115 രൂപയുമായി. വിദേശ രാജ്യങ്ങളിൽ നിന്ന് കമ്പനികൾ യഥേഷ്ടം ഇന്ത്യയിലേക്ക് റബർ ഇറക്കുമതി ചെയ്യുന്നതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. മഴമറയിട്ട തോട്ടങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായ വെട്ടിനുള്ള സാഹചര്യം ലഭിക്കാത്തതിനാൽ മുടക്കിയ പണംപോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് റബർ കർഷകർ പറയുന്നു. സർക്കാർ വില സ്ഥിരതാ ഫണ്ടിൽ നിന്ന് കർഷകന്റെ കൈയിൽ സബ്സിഡി അടിയന്തരമായി എത്തിക്കണമെന്നും കർഷക ദ്രോഹ ഇറക്കുമതി നിറുത്തലാക്കണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. റബറിന് വില കുറഞ്ഞതോടെ ടാപ്പിംഗ് തൊഴിലാളികളുടെ കുടുംബവും ദുരിതത്തിലായി. ഇവർക്ക് കൊടുക്കാനുള്ള കൂലിക്ക് പോലും വിലകിട്ടാത്ത അവസ്ഥ.

വില ഇങ്ങനെ

നാലാം ഗ്രേഡിന്.......

ആറു മാസം മുൻപ്......180

നിലവിൽ........ 125

ഉണക്ക് കുറഞ്ഞതിന്......... 115

ടാപ്പിംഗും നടന്നില്ല

ജില്ലയിൽ മലയോര മേഖലയായ നെടുമങ്ങാട്, പാലോട്, പരപ്പിൽ, കല്ലറ, കിളിമാനൂർ മേഖലകളിലായി കാൽ ലക്ഷത്തോളം റബർ കർഷകരുണ്ട്. ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കഴിഞ്ഞ ജൂൺ മുതൽ മുഖ്യവിപണികളിലേക്കുള്ള റബർ ഷീറ്റ് വരവ് കുറഞ്ഞിരുന്നു. ഈ കാലങ്ങളിൽ കേരളത്തിലെ കർഷകർക്ക് കാര്യമായ തോതിൽ റബർ ടാപ്പിംഗിനുള്ള സാഹചര്യം ലഭിച്ചില്ലെന്നതാണ് പ്രധാന കാരണം. ടാപ്പിംഗ് കുറവുള്ള ഈ സമയത്ത് കർഷകർ വലിയ വില പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. യഥാസമയത്ത് വ്യാപാരികളിൽ നിന്ന് റബർ ഷീറ്റ് കമ്പനികൾ ഷീറ്റ് വാങ്ങുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ. ഇല കൊഴിഞ്ഞു തുടങ്ങിയാൽ കിട്ടുന്ന പാലിന്റെ തോതിലും കുറവുണ്ടാകുമെന്ന് കർഷകർ പറയുന്നു.

 വില താഴേക്ക്

കിലോയ്ക്ക് 180 രൂപ വരെ ഉയർന്ന ശേഷം 130 ലേക്ക് നിലംപൊത്തിയ കഥയാണ് റബറിന് പറയാനുള്ളത്. നീതി ആയോഗ് റിപ്പോർട്ടിന്റെ മറവിൽ തോട്ടവിളകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച റബർ, സ്പൈസസ്, ടീ, കാർഡമം, കോഫി ബോർഡുകൾ ഇല്ലാതാക്കി വാണിജ്യമന്ത്രാലയത്തിന് കീഴിലാക്കാനുള്ള നീക്കം ഏറെ ദോഷം ചെയ്യുക ചെറുകിട റബർ കർഷകരെയാണ്.