തിരുവനന്തപുരം: ജില്ലയിലെ ബാങ്കുകളിൽ നിക്ഷേപം ഒരുലക്ഷം കോടി രൂപ കവിഞ്ഞതായി ജില്ലാതല ബാങ്കിംഗ് അവലോകനത്തിൽ റിപ്പോർട്ട് ചെയ്‌തു. സെപ്തംബർ 30വരെ 1,06,563 കോടി രൂപയാണ് നിക്ഷേപം. ഇതിൽ 79064 കോടി രൂപ വായ്‌പയായി വിതരണം ചെയ്‌തു. അതായത് നിക്ഷേപത്തിന്റെ 74% വായ്‌പയായി നൽകി. നിക്ഷേപത്തിൽ മുൻവർഷത്തെക്കാൾ 18% വർദ്ധനയുണ്ട്.
അതേസമയം വിദ്യാഭ്യാസത്തിനും വീടുവയ്‌ക്കാനും നൽകുന്ന വായ്‌പ കൂട്ടണമെന്ന് യോഗം ഉദ്ഘാടനം ചെയ്‌ത വി.കെ.പ്രശാന്ത് എം.എൽ.എ പറഞ്ഞു. കൃഷി,ചെറുകിട വ്യവസായം തുടങ്ങിയ മുൻഗണനാമേഖലയിൽ ഒക്ടോബർ ഒന്നുവരെ മൊത്തം 11088 കോടി രൂപ ജില്ലയിൽ വായ്‌പയായി നൽകിയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. എസ്.പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓവർസീസ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ സൂര്യനാരായണമൂർത്തി സ്വാഗതം പറഞ്ഞു. റിസർവ് ബാങ്ക് മാനേജർ മിനി ബാലകൃഷ്ണൻ, നബാർഡ് ജില്ലാ വികസന ഓഫീസർ മീനു അൻവർ, ലീഡ് ഡിസ്ട്രിക്ട് മാനേജർ ശ്രീനിവാസപൈ എന്നിവർ സംസാരിച്ചു.