photo

ശിവഗിരി: തീർത്ഥാടന നവതി ആഘോഷത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന കലാസാഹിത്യ മത്സരങ്ങളിൽ വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയവരിൽ നിന്ന് ഗുരുതീർത്ഥ കലാപ്രതിഭ പുരസ്കാരജേതാക്കളെ പ്രഖ്യാപിച്ചു. കാവ്യാലാപനം, മലയാളം പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, ക്വിസ്, ഉപന്യാസരചന, കവിതാരചന, പെയിന്റിംഗ്, ഡ്രോയിംഗ്, കഥാപ്രസംഗം എന്നീ ഇനങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ സ്കോർ നേടിയവരാണ് കലാപ്രതിഭ പുരസ്കാരത്തിന് അർഹരായത്. 600ൽപരം മത്സരാർത്ഥികൾ ആഗോളതലത്തിൽ നടന്ന കലാസാഹിത്യ മത്സരങ്ങളിൽ പങ്കെടുത്തു. തന്മയി ജബിന്റാം (കോട്ടയം), ഇഷാൻഗോപു (കോട്ടയം), അർച്ചന.ആർ (ആലപ്പുഴ), ദേവികാരാജ് (തിരുവനന്തപുരം), അഖിൽഅജയ് (തിരുവനന്തപുരം), നിമിഷാ ജിബിലേഷ് (കോട്ടയം), രമാസുരേഷ് (തിരുവനന്തപുരം) എന്നിവരാണ് ഇക്കൊല്ലം ഗുരുതീർത്ഥ കലാപുരസ്കാരത്തിന് അർഹരായത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ സാന്നിധ്യത്തിൽ കലോത്സവകമ്മിറ്റി ചെയർമാൻ ഡോ.അഞ്ചയിൽരഘുവാണ് പുരസ്കാരജേതാക്കളെ പ്രഖ്യാപിച്ചത്. വൈസ് ചെയർമാന്മാരായ ശോഭനൻ പുത്തൂർ, അഡ്വ.വിനോദ് വർക്കല, പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.വൈ.സത്യജിത്ത് എന്നിവരും പങ്കെടുത്തു. ജനുവരി 1ന് 2.30ന് നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.