mch

 നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയകൾ ഏകോപിപ്പിക്കുന്നതിനുള്ള ട്രാൻസ്‌പ്ളാന്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ

പിൻവാതിൽ നിയമന നീക്കം പൊളിഞ്ഞു. ഇഷ്ടക്കാരെ തിരുകിക്കയറ്റാനായി മെഡിക്കൽ കോളേജ് അധികൃതർ നേരിട്ട് നടത്തിയ അഭിമുഖം റദ്ദാക്കി. ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്‌‌സ്ചേഞ്ചിന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എം.ബി.ബി.എസ്, എം.എ സോഷ്യോളജി, സൈക്കോളജി, എം.എസ്.ഡബ്ല്യു തുടങ്ങിയ അടിസ്ഥാന യോഗ്യതകളുള്ളവരിൽ നിന്നാകും നിയമനം. മെഡിക്കൽ കോളേജിൽ പിൻവാതിൽ നിയമനനീക്കം നടക്കുന്നതായി കേരളകൗമുദി നവംബർ 21ന് റിപ്പോർട്ട് ചെയ്തിരുന്നു.

26 അപേക്ഷകർ പങ്കെടുത്ത അഭിമുഖത്തിൽ ഇഷ്ടക്കാരന് രണ്ടാം റാങ്ക് നൽകി ലിസ്റ്റ് തയ്യാറാക്കിയെങ്കിലും മുന്നോട്ട് പോകേണ്ടതില്ലെന്ന് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ തീരുമാനിച്ചു.

2021ൽ എറണാകുളം മെഡിക്കൽ കോളേജിൽ ഇതേ തസ്തികയിലെ നിയമനത്തിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നൽകിയ നിർദ്ദേശം നിലനിൽക്കെയായിരുന്നു അട്ടിമറിനീക്കം. പ്രതിമാസം 29,535 രൂപ അടിസ്ഥാന ശമ്പളമുള്ള രണ്ട് തസ്തികകളിലെ നിയമനത്തിന് കഴിഞ്ഞ സെപ്തംബർ 29നായിരുന്നു മെഡിക്കൽ കോളേജ് വിജ്ഞാപനം ഇറക്കിയത്.