a

ശിവഗിരി: 90-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വേദിയിൽ കയറിയ ഉടൻ സദസിനു നേരെ കൈകൂപ്പിയപ്പോൾ കരഘോഷം മുഴങ്ങി. പിന്നീട് വേദിയിൽ തൊട്ട് വന്ദിച്ചശേഷമാണ് അദ്ദേഹം ഉപവിഷ്ടനായത്.

തിരുവനന്തപുരത്ത് എത്തിയശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ മോദിയുടെ മരണം അറിയുന്നതെന്ന് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു. പ്രധാനമന്ത്രിയെ വിളിച്ച് താൻ തിരികെ വരട്ടെ എന്ന് ചോദിച്ചു. അദ്ദേഹം വിലക്കി. ഏറ്റെടുത്ത ചുമതല നിർവഹിച്ച ശേഷം വന്നാൽ മതിയെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഏറെ ദീർഘിച്ച ഹിന്ദിയിലുള്ള പ്രസംഗം ബി.ജെ.പി വക്താവ് പദ്മനാഭനാണ് പരിഭാഷപ്പെടുത്തിയത്.

ശ്രീനാരായണ ഗുരുദേവനുമായി ബന്ധപ്പെട്ട സമസ്തമേഖലയെയും സ്പർശിച്ചുള്ളതായിരുന്നു പ്രസംഗം. വേദിയിൽ നിന്ന് ഇറങ്ങാൻ നേരം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ പാദം തൊട്ടു വണങ്ങുകയും ചെയ്തു.