
ശിവഗിരി: അറിവിനും ആത്മനവീകരണത്തിനുമായി ശ്രീനാരായണഗുരുദേവൻ കല്പിച്ച് അനുവദിച്ച ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷം അർഹിക്കുന്ന ആദരവോടെ ശ്രീനാരായണീയർ ഏറ്റെടുത്തു. ഇന്നലെ പുലർച്ചെ മുതൽ ശിവഗിരിമഠവും ശാരദാമഠവും മഹാസമാധിയും വൈദിക മഠവും ബോധാനന്ദ സ്വാമിയുടെ സമാധിപീഠവും സാക്ഷ്യം വഹിച്ച ജനക്കൂട്ടം ഇതാണ് അടിവരയിട്ടത്.
തീർത്ഥാടന സമ്മേളനത്തിനും ദിവസങ്ങൾക്ക് മുമ്പ് മുതൽ പീതവസ്ത്രധാരികളായി ശ്രീനാരായണീയർ ശിവഗിരിയിലേക്ക് എത്തിതുടങ്ങിയിരുന്നു. 90 പദയാത്രകളാണ് ഇക്കുറി രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും വിവിധ ഭാഗങ്ങളിൽ നിന്നായി 300 ലേറെ പദയാത്രകൾ എത്തിയതായാണ് സംഘാടകരുടെ വിലയിരുത്തൽ. മുൻവർഷങ്ങളെ അപേക്ഷിച്ച് തീർത്ഥാടനത്തിലെ വനിതാപങ്കാളിത്തവും ശ്രദ്ധേയമായി. ഇന്നലെ വളരെ വൈകിയും മഹാസമാധിയിലേക്ക് ഗുരുഭക്തരുടെ ഇടമുറിയാത്ത ഒഴുക്കായിരുന്നു.
തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്കു ചെയ്യാൻ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ശിവഗിരി എസ്.എൻ.കോളേജ്, സെൻട്രൽ സ്കൂൾ, ധന്യസൂപ്പർമാർക്കറ്രിന് സമീപം, പെരുങ്കുളം തുടങ്ങിയ സ്ഥലങ്ങളാണ് ഇതിനായി സജ്ജമാക്കിയത്. തീർത്ഥാടകരുടെ സുരക്ഷയ്ക്കും വാഹനഗതാഗത നിയന്ത്രണത്തിനുമായി 1000ത്തോളം പൊലീസുകാരെ വിന്യസിച്ചിരുന്നു. മിക്ക കേന്ദ്രങ്ങളിലും സി.സി ടി.വി കാമറകളും സ്ഥാപിച്ചിരുന്നു. ഷാഡോ പൊലീസ്, ബൈക്ക് പട്രോളിംഗ് സേവനങ്ങളും സജ്ജമാക്കിയിരുന്നു.
ശിവഗിരി ബുക്ക് സ്റ്റാളിന് സമീപം പ്രത്യേകം തീർത്ത പന്തലിലും ഗുരുപൂജ ഹാളിലുമാണ് അന്നദാനത്തിന് സൗകര്യമൊരുക്കിയത്. തിരക്ക് നിയന്ത്രിക്കാൻ വോളന്റിയേഴ്സ് കമ്മിറ്റിയും സജീവമായി.
സമ്മേളനപ്പന്തലും രാവിലെ മുതൽ തീർത്ഥാടകരെ കൊണ്ടു നിറഞ്ഞു. ഏറെ ശ്രദ്ധയോടെയാണ് സദസ് വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ ശ്രവിച്ചത്. ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിന് സമീപം ശീതളപാനീയ വിതരണം വൈകുവോളം നടന്നു.