
ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ അരുൾചെയ്ത പഞ്ചശുദ്ധി സമീപകാലത്ത് നേരിട്ട പല പ്രതിസന്ധികൾക്കുമുള്ള പരിഹാരമാണെന്നും ചികിത്സയേക്കാൾ മികച്ചതാണ് പ്രതിരോധമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണവും ലഹരി മുക്തലോകവും എന്ന വിഷയത്തിലെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൊവിഡ് ഒരുപാട് അനുഭവങ്ങളിലേക്ക് നമ്മെ കൊണ്ടുപോയി. ഗുരുദേവൻ പറഞ്ഞ കാര്യങ്ങൾക്ക് ഇന്ന് ആഗോളതലത്തിൽ പ്രസക്തിയേറുകയാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിക്കുമെതിരായ സന്ദേശം കൂടിയാണ് ശിവഗിരി തീർത്ഥാടനമെന്നും മന്ത്രി പറഞ്ഞു.
ബഫർ സോൺ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ കാടുകൾ മരുഭൂമിയായി മാറിയെനേയെന്ന് അദ്ധ്യക്ഷനായ മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനംപോലും ഗുരു മുൻകൂട്ടി കണ്ടിരിക്കാം. ഗുരു പതിറ്റാണ്ടുകൾക്ക് മുൻപ് പറഞ്ഞ കാര്യങ്ങൾ ഇന്ന് ലോകമെമ്പാടും ആഹ്വാനം ചെയ്യുന്നു. പുതുതലമുറ ഗുരുദർശനം ജീവിതത്തിൽ പകർത്തിയാൽ പല വിപത്തുകളും ഒഴിവാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പെൺകുട്ടികൾക്ക്
കാൻസർ വാക്സിൻ
പ്ലസ് ടു മുതലുള്ള പെൺകുട്ടികൾക്ക് ഗർഭാശയ കാൻസറിനെതിരായ വാക്സിനേഷൻ സംസ്ഥാന സർക്കാർ ഉടൻ ആരംഭിക്കുമെന്ന് ആർ.സി.സി ഡയറക്ടർ ഡോ. രേഖ നായർ പറഞ്ഞു. 12 മുതൽ 16 വയസുവരെയുള്ളവർക്ക് ഇതെടുക്കാമെന്നും പാർശ്വഫലം ഇല്ലെന്നും അവർ പറഞ്ഞു.
ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, ബയോ ഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ഡോ. സി ജോർജ് തോമസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുൻഅംഗം ഡോ. കെ. ജി താര, കാർഡിയോളജിസ്റ്റ് ഡോ. സി. ജി. ബാഹുലേയൻ, വിമുക്തി മിഷൻ സി.ഇ.ഒ എം.ഡി രാജീവ്, മാദ്ധ്യമ പ്രവർത്തകൻ ഡോ. ആർ സുനിൽ, ജി.ഡി.പി.എസ് മുഖ്യ രക്ഷാധികാരി ഡോ. കെ. സുധാകരൻ, ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി സൂപ്രണ്ട് ഡോ.ടിറ്റി പ്രഭാകർ, മെഡിക്കൽ ഡയറക്ടർ ഡോ. നിഷാദ് എന്നിവർ പ്രഭാഷണങ്ങൾ നടത്തി. സ്വാമി അസംഗാനന്ദഗിരി സ്വാഗതവും സ്വാമി ശിവനാരായണതീർഥ നന്ദിയും പറഞ്ഞു.