
ലുക്ക് ഔട്ട് നോട്ടീസ് രണ്ട് ദിവസത്തിനകം
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസിൽ തട്ടിപ്പിന്റെ സൂത്രധാരനായ കമ്പനിയുടെ ലീഗൽ ഡി.ജി.എം ശശികുമാരൻ തമ്പി ഉൾപ്പെടെ അഞ്ച് പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി കോടതി ജനുവരി 5ന് പരിഗണിക്കാനായി മാറ്റി. ഇന്നലെ ജില്ലാ സെഷൻസ് കോടതി ജാമ്യ ഹർജി പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ എം. സലാവുദ്ദീൻ മുൻകൂർ ജാമ്യത്തെ എതിർത്തു. തൊഴിൽ വാഗ്ദാനം ചെയ്ത് ധാരാളം ഉദ്യോഗാർത്ഥികളെ സംഘം കബളിപ്പിച്ചിട്ടുണ്ടെന്നും കോടികളുടെ തട്ടിപ്പാണ് നടന്നതെന്നും പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തെളിവെടുക്കുകയും വേണമെന്ന് പ്രോസിക്യൂഷൻ നിലപാട് സ്വീകരിച്ചതോടെ പൊലീസിനോട് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ട കോടതി ഹർജി ജനുവരി അഞ്ചിലേക്ക് മാറ്റുകയായിരുന്നു.
ശശികുമാരൻ തമ്പിക്ക് പുറമേ ശ്യാംലാൽ, രാജേഷ്, പ്രേംകുമാർ, അനിൽകുമാർ എന്നിവരും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചവരിൽ ഉൾപ്പെടുന്നു. അതേസമയം, കേസിൽ ഒളിവിൽ കഴിയുന്ന ശശികുമാരൻ തമ്പി ഉൾപ്പെടെയുള്ള പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ രണ്ട് ദിവസത്തിനകം ഇവരുടെ ഫോട്ടോയും കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളും അടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തും.
ടൈറ്റാനിയത്തിൽ നിന്ന് ശേഖരിച്ച രേഖകളും മറ്റ് ഡിജിറ്റൽ തെളിവുകളും ഫോൺ രേഖകളും വിശദമായി പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട പല നിർണ്ണായക വിവരങ്ങളും പ്രതികളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിൽ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുകയുള്ളൂവെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.