തിരുവനന്തപുരം: സംസ്‌കൃത കോളേജ് പരിസരത്ത് രാത്രിയിൽ മദ്യപിച്ച് നൃത്തം ചവിട്ടി വിവാദത്തിലായ എസ്.എഫ്.ഐ ജില്ലാ ഭാരവാഹികളെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയ തീരുമാനം ജില്ലാ കമ്മിറ്റി ഫ്രാക്‌ഷൻ ഇന്നലെ അംഗീകരിച്ചു. പ്രസിഡന്റായിരുന്ന ജോബിൻ ജോസ്, സെക്രട്ടറിയായിരുന്ന ഗോകുൽ ഗോപിനാഥ് എന്നിവരെയാണ് പുറത്താക്കിയത്.
പുതിയ പ്രസിഡന്റായി ആദിത്യൻ (വിളവൂർക്കൽ), സെക്രട്ടറിയായി ആദർശ് (വെഞ്ഞാറമൂട്) എന്നിവരെ തിരഞ്ഞെടുത്തു. നേതാക്കളുടെ നൃത്തം പകർത്തി നേതൃത്വത്തിന് പരാതി നൽകിയ മുൻ പാളയം ഏരിയാ സെക്രട്ടറി നന്ദു, ഏരിയാ കമ്മിറ്റിയംഗം നസിം എന്നിവരെയും അംഗത്വത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഈ വീഡിയോ പ്രചരിപ്പിച്ചതും വാർത്തകൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതുമടക്കമുള്ള സംഭവങ്ങൾ സി.പി.എം അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് ഫ്രാക്‌ഷനിലാണ് ആരോപണ വിധേയരെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനമെടുത്തത്. പുതിയ ഭാരവാഹികളെ കടുത്ത ചേരിതിരിവിനെ തുടർന്ന് ആ യോഗത്തിൽ നിശ്ചയിക്കാൻ സാധിച്ചിരുന്നില്ല. ഇന്നലെ സി.പി.എം ജില്ലാ അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം ചേർന്നാണ് പുതിയ ഭാരവാഹികളുടെ കാര്യത്തിൽ ധാരണയിലെത്തി എസ്.എഫ്.ഐ ജില്ലാ ഫ്രാക്‌ഷൻ യോഗത്തിൽ അവതരിപ്പിച്ചത്.
എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റായിരുന്ന ജോബിൻ ജോസും സെക്രട്ടറിയായിരുന്ന ഗോകുൽ ഗോപിനാഥും മദ്യപിച്ച് കോളേജ് പരിസരത്ത് രാത്രി നൃത്തം ചെയ്‌തതിന്റെ വീഡിയോ ദൃശ്യം സഹിതം സംഘടനയിലെ ഒരു വിഭാഗം സി.പി.എം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് വിവാദമായത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എസ്.എഫ്.ഐ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.കെ.ബാലനും പങ്കെടുത്ത എസ്.എഫ്.ഐ ജില്ലാ ഫ്രാക്‌ഷൻ രണ്ടാഴ്ച മുമ്പ് യോഗം ചേർന്നിരുന്നു.