
ശിവഗിരി: വ്യത്യസ്ത ഉപാസന സമ്പ്രദായങ്ങൾ പിന്തുടരുന്ന ഭാരതത്തിൽ ഏകത്വത്തെ വിളംബരം ചെയ്ത യോഗിവര്യനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് മഹാരാഷ്ട്ര കോലാപ്പൂർ സിദ്ധഗിരി ആശ്രമത്തിലെ മഠാധിപതി സ്വാമി അദൃശ് കഡ്സിദ്ധേശ്വർ പറഞ്ഞു. ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്തിയിൽ അസ്തമിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എന്ന വിഷയത്തിലായിരുന്നു സമ്മേളനം. ഭക്തിയെയും ജ്ഞാനത്തെയും ഒരുപോലെ ചേർത്തുപിടിച്ച് മുന്നോട്ട് പോകാൻ ഗുരുവിന് കഴിഞ്ഞതായി കഡ്സിദ്ധേശ്വർ സ്വാമികൾ ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ആത്മീയതയിൽ അടിയുറച്ച ജീവിതമാണ് നയിക്കേണ്ടതെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഭക്തി മൂകന്റെ ആസ്വാദനം പോലെ നിർവചിക്കാൻ സാധിക്കാത്തതാണെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.
സംബോധ ഫൗണ്ടേഷൻ മുഖ്യാചാര്യ സ്വാമി അദ്ധ്യാത്മ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. മറ്റുള്ളവരെ സ്നേഹിക്കാനും സേവിക്കാനും കഴിയുന്നവനാകണം ഭക്തനെന്ന് അദ്ദേഹം പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ഋതംഭരാനന്ദ, സ്വാമി ശിവാനന്ദ സുന്ദരാനന്ദ സരസ്വതി, സ്വാമി അസ്പർശാനന്ദ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സ്വാഗതവും ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു.