തിരുവനന്തപുരം: സി.പി.എമ്മിന്റെ അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യ ലായേഴ്സ് യൂണിയന്റെ വഞ്ചിയൂർ കോടതി യൂണിറ്റിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിൽ നിന്ന് സംസ്ഥാന നിയമ സെക്രട്ടറി പിന്മാറണമെന്ന് ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് ആവശ്യപ്പെട്ടു. ജനുവരി 3നാണ് നിയമസെക്രട്ടറി വി.ഹരി നായർ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. അഡ്വക്കേറ്റ് ജനറൽ കഴിഞ്ഞാൽ സംസ്ഥാനസർക്കാരിന് സ്വതന്ത്ര നിയമോപദേശം കൊടുക്കേണ്ടതും നിയമവിഷയങ്ങളിൽ മന്ത്രിസഭായോഗങ്ങളിൽ പോലും പങ്കെടുത്ത് അഭിപ്രായം പറയാൻ അധികാരപ്പെട്ടയാളുമായ നിയമസെക്രട്ടറി ഒരു രാഷ്ട്രീയപാർട്ടിയോട് ആഭിമുഖ്യമുള്ള സംഘടനാസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് അനുചിതമാണെന്ന് ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് വഞ്ചിയൂർ കോടതി യൂണിറ്റ് പ്രസിഡന്റ് അഡ്വ. മൃദുൽ ജോൺ മാത്യു ആരോപിച്ചു.