തിരുവനന്തപുരം: ആഘോഷ തിമിർപ്പിന്റേതാണ് ഇന്നത്തെ രാവ്.കഴിഞ്ഞ രണ്ടാണ്ടിലെ കൊവിഡും അതിനു മുമ്പത്തെ പ്രകൃതി ക്ഷോഭവുമെല്ലാം നശിപ്പിച്ച പുതുവത്സര പിറവി ആഘോഷം അതിന്റെ എല്ലാ പൊലിമയോടും ഇന്നത്തെ രാവിൽ തിരിച്ചെത്തും.മാനസിക പിരിമുറുക്കങ്ങളും അമിത ജോലിയുടെ ഭാരവുമെല്ലാം മറന്ന് ആഘോഷിക്കാൻ നാടും നഗരവും തയ്യാറെടുത്തു.പാട്ടും നൃത്തവും ഭക്ഷണവുമെല്ലാം ഉൾപ്പെടുത്തിയുള്ള പാർട്ടികളാണ് എല്ലായിടത്തും ഒരുങ്ങുന്നത്. ആഘോഷം അതിരുകടക്കാതിരിക്കാൻ പൊലീസിന്റെ നിരീക്ഷണവും ഉണ്ടാകും.കോവളം ബീച്ച് തന്നെയാണ് പുതുവർഷാഘോഷത്തിന്റെ പ്രധാന കേന്ദ്രം.സ്വകാര്യ ഹോട്ടലുകളുടെ ആഭിമുഖ്യത്തിലും ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുമൊക്കെയാണ് ആഘോഷം.വിദേശ സഞ്ചാരികളെക്കാൾ ആഭ്യന്തര സഞ്ചാരികളാണ് കൂടുതൽ.സ്വകാര്യ ഹോട്ടലുകളിൽ ഡി.ജെ.പാർട്ടി ഉൾപ്പെടെയുള്ള പരിപാടികൾ ഉണ്ടാകും അതേസമയം ബീച്ചിൽ പ്രകാശ സംവിധാനം ഇതുവരെ ഒരുക്കിയിട്ടില്ല.നഗരത്തിലെ ഹോട്ടലുകളിലും ക്ലബുകളിലും ആഘോഷം പാതിരാ കഴിഞ്ഞു നീളും.
പുഷ്പമേള നടക്കുന്ന കനകക്കുന്നിൽ ആഘോഷത്തിന്റെ ക്ലൈമാക്സിൽ കനൽ ബാൻഡിന്റെ മ്യൂസിക് ഷോ അരങ്ങേറും.ശംഖുംമുഖം കടൽത്തീരത്തും പൂവാറിലും ഇത്തവണ പുതുവർഷാഘോഷം ഉണ്ടാകും.
ആ ഒന്നാം സ്ഥാനം നിലനിറുത്തുമോ?
കഴിഞ്ഞ പുതുവർഷ തലേന്ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പിലാണ്. 1.07 കോടി രൂപയുടെ കച്ചവടമാണ് 31 ന് മാത്രം നടന്നത്.കൊച്ചി രണ്ടാം സ്ഥാനത്തായിരുന്നു. കോവളത്ത് പൊലീസിന്റെ മോശം പെരുമാറ്റം കാരണം വിദേശി താൻ വാങ്ങിയ മദ്യം ഒഴിച്ചു കളഞ്ഞ് പ്രതിഷേധിച്ചതും കഴിഞ്ഞ ഡിസംബർ 31നായിരുന്നു.