
തിരുവനന്തപുരം: ഓട്ടോസ്റ്റാൻഡിൽ ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. പേട്ട സ്റ്റാൻഡിലെ ഡ്രൈവർ ആനയറ കുടവൂർ ടി.സി 92/1009 രോഹിണിയിൽ ആർ.ജയകുമാറാണ് (മണികണ്ഠൻ- 57) മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ കൈതമുക്ക് സ്വദേശി വിഷ്ണുവിനെതിരെ പേട്ട പൊലീസ് കൊലപാതകക്കുറ്റത്തിന് (ഐ.പി.സി 302)കേസെടുത്തു.
ഇന്നലെ രാവിലെ 11-ഓടെ പേട്ട ജംഗ്ഷനിൽ ആനയറ റോഡിലുള്ള സ്റ്റാൻഡിലാണ് സംഭവം. ഊഴം സംബന്ധിച്ചുണ്ടായ വാക്കുതർക്കമായിരുന്നു തുടക്കം. ബി.എം.എസ് യൂണിയനിൽപ്പെട്ട ജയകുമാറും സി.ഐ.ടി.യു യൂണിയനിൽപ്പെട്ട വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിനിടെ ജയകുമാറിനെ വിഷ്ണു മുഖത്ത് അടിച്ചുവീഴ്ത്തിയെന്നാണ് ബന്ധുക്കളുടെ പരാതി. നെഞ്ചിൽ ഇടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. കുഴഞ്ഞുവീണ ജയകുമാറിനെ മറ്റ് ഡ്രൈവർമാർ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പസമയത്തിനകം മരണം സംഭവിച്ചു. ഹൃദ്രോഗബാധയെ തുടർന്ന് 2007-ൽ ആൻജിയോഗ്രാമിന് വിധേയനായിരുന്നു ജയകുമാർ.
ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തത്. ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും. അതിനുശേഷം ബന്ധുക്കൾക്ക് കൈമാറുന്ന മൃതദേഹം വീട്ടിൽ പൊതുദർശനത്തിന്ശേഷം ഉച്ചകഴിഞ്ഞ് ശാന്തികവാടത്തിൽ സംസ്കരിക്കും.
ഭാര്യ-രമ. മക്കൾ -രേവതി, ചിത്ര(അബുദാബി). മരുമകൻ- അരുൺ.
വിഷ്ണുവിനായി തെരച്ചിൽ
ഒളിവിൽ പോയ വിഷ്ണുവിനായി പേട്ട സി.ഐയുടെ നേതൃത്വത്തിൽ തെരച്ചിൽ ശക്തമാക്കി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിഷ്ണുവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.എം.എസ് നേതൃത്വത്തിൽ ഓട്ടോ ഡ്രൈവർമാർ പേട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി.