തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ ത്രിതല സുരക്ഷാ സംവിധാനം പൊലീസ് ഏർപ്പെടുത്തി.അതിൽ മേഖല ഒന്ന് നഗരാതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 18 സ്ഥലങ്ങളിലും,മേഖല രണ്ടിൽ 34 സ്ഥലങ്ങളിലും,മേഖല മൂന്നിൽ 28 സ്ഥലങ്ങളിലുമുൾപ്പെടെ 80 ചെക്കിങ്ങ് പോയിന്റുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കോവളം മുതൽ കഴക്കൂട്ടം വരെയുള്ള പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് ആറ് സ്‌പെഷ്യൽ സ്‌ട്രൈക്കറുകളും ഉണ്ടാകും. എല്ലാ പൊലീസ് സ്‌റ്റേഷൻ പരിധികളിലും എസ്.എച്ച്. ഒമാരുടെ നേതൃത്വത്തിൽ, 42 ജീപ്പ്, ബൈക്ക് പട്രോളിംഗ് സംഘങ്ങളേയും നിയോഗിച്ചിട്ടുണ്ട്.ആഘോഷ പരിപാടികൾ നടക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. കോവളം ബീച്ച് കേന്ദ്രീകരിച്ച് സ്‌പെഷ്യൽ കൺട്രോൾ റൂമും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ ഡി.ജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കുന്നതോടൊപ്പം അത്തരം സ്ഥലങ്ങളിൽ ലഹരി ഉപയോഗമോ, ലഹരി കൈമാറ്റമോ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. ആൾക്കൂട്ടം കൂടുന്ന എല്ലാ സ്ഥലങ്ങളിലും പ്രശ്‌നമുണ്ടാക്കുന്നവരെ കണ്ടെത്തുന്നതിനായി മഫ്തി പൊലീസിനെയും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതലായി നിയോഗിച്ചിട്ടുണ്ട്. ബൈക്ക് റൈസിംഗും വാഹനങ്ങളുടെ അമിത വേഗതയും പരിശോധിക്കുന്നതിനും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.