vellapaly

തിരുവനന്തപുരം: മതാധിപത്യമാണ് നാട്ടിൽ നടക്കുന്നതെന്നും സംഘടിതരും വോട്ട് ബാങ്കുകളുമായ സമുദായങ്ങൾ സർക്കാരിനെ മുൾമുനയിൽ നിറുത്തി അവകാശങ്ങൾ നേടുമ്പോൾ സംഘടിതരല്ലാത്ത ഈഴവസമുദായം ആദർശം പറഞ്ഞു നടക്കുകയാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കഴക്കൂട്ടം ശാഖയുടെ വജ്രജൂബിലി ആഘോഷ മഹാസമ്മേളനവും കുടുംബ ഡയറക്ടറി പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംഘടിതരായ ഒരു സമുദായം തുറമുഖ സമരം നടത്തി തങ്ങൾ ഉന്നയിച്ച പത്തിൽ ഒൻപത് ആവശ്യങ്ങളും നേടിയെടുത്തു. സമുദായ അംഗങ്ങൾക്ക് മാസം 5,500 രൂപ വീട്ടുവാടക ഖജനാവിൽ നിന്നു നൽകുന്നു. എന്നാൽ ഈഴവ സമുദായത്തിലെ വീടില്ലാത്തവർക്ക് ലൈഫ് പദ്ധതിയിൽ പോലും വീട് കിട്ടുന്നില്ല. ആകെ കിട്ടുന്നത് കിറ്റും പെൻഷനും മാത്രമാണ്. മഹാനായ ആർ.ശങ്കർ മുഖ്യമന്ത്രിയായപ്പോൾ ലഭിച്ചതല്ലാതെ ഈഴവ സമുദായത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും പിന്നീട് ലഭിച്ചിട്ടില്ല. ആർ.ശങ്കറിനെ നശിപ്പിച്ച അതേ ശക്തികൾ തന്നെയും നശിപ്പിക്കാൻ ശ്രമിക്കുകയാണ്. തനിക്കെതിരെ 180 കേസുകളാണ് നൽകിയതെന്നും യോഗത്തിന്റെയും എസ്. എൻ.ട്രസ്റ്റിന്റെയും വികസനത്തിന് ഇവർ തടസം നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശാഖാ പ്രസിഡന്റ് ജി.ജയചന്ദ്രൻ അദ്ധ്യക്ഷനായി. ചെമ്പഴന്തി ഗുരുകുലം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുഭാഷ്, സെക്രട്ടറി രാജേഷ് ഇടവക്കോട്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ചെമ്പഴന്തി ശശി, വി.മധുസൂദനൻ, യൂണിയൻ കൗൺസിലർ വി.ബാലകൃഷണൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വി.പത്മിനി, യൂത്ത് മൂവമെന്റ് യൂണിയൻ പ്രസിഡന്റ് എസ്.വി.ശ്രീകണ്ഠൻ, സെക്രട്ടറി എം.എൽ. അരുൺഎന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.ടി.രാമദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ഉണ്ണിരാജ നന്ദിയും പറഞ്ഞു.