പൂവാർ: വാഹനങ്ങൾ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തി ബോട്ട് യാത്രയ്ക്ക് ആളെപ്പിടിക്കുന്ന സംഘത്തിലെ മൂന്നുപേരെ പൂവാർ പൊലീസ് പിടികൂടി. പൂവാർ കുഞ്ചറ പുത്തൻവീട്ടിൽ ഷംനാദ് (34),പൂവാർ ഇ.എം.എസ് കോളനിയിൽ ജലാലുദീൻ(29),കുളത്തൂർ ഉച്ചക്കട കുട്ടൻതുറന്നവിളയിൽ ബിജു(34) എന്നിവരെയാണ് പൂവാർ എസ്.ഐ തിങ്കൾ ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പൂവാറിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ തടഞ്ഞു നിറുത്തിയാണ് സംഘം ബോട്ട് യാത്രയ്ക്കായി ആളെ പിടിക്കുന്നത്. ഇവർ ബോട്ട്‌ യാത്രയ്ക്ക് എത്തിക്കുന്നവരിൽ നിന്ന് ഭീമമായ തുകയാണ് ഈടാക്കുന്നത്.ബോട്ട്‌ യാത്രക്ക് തയ്യാറാവാത്ത വാഹനയാത്രക്കാരെ സംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും.

ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നതോടെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.പുതുവർഷം അടുത്തതിനാൽ കോവളം കന്യാകുമാരി എന്നിവിടങ്ങളിൽ പോകുന്ന നിരവധി സഞ്ചാരികളാണ് പൂവാറിലൂടെ യാത്രചെയ്യുന്നത്. ഈ വാഹനങ്ങളെ മുഴുവൻ സംഘം റോഡിൽനിന്ന് തടഞ്ഞ് ബോട്ട്‌യാത്രകൾക്കായി പ്രേരിപ്പിക്കും.തുടർന്ന് യാത്രയ്ക്ക് തയ്യാറാവുന്നവരിൽനിന്ന് ഭീമമായ തുക ഈടാക്കുകയും അതിൽ മൂന്നിലൊന്ന് ജലയാത്രാസംഘത്തിന് കൊടുത്ത് ബോട്ട്‌യാത്ര തരപ്പെടുത്തുകയുമാണ് സംഘത്തിന്റെ പ്രവൃത്തി. ഇത്തരത്തിലുള്ള സംഘത്തിന്റ വഴിതടയൽ പൂവാർ ജംഗ്ഷൻ മുതൽ തുടങ്ങും.പൂവാർ പാലം വരെയാണ് സംഘത്തിന്റെ താവളം.ഇവരുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധാരണ വാഹനയാത്രക്കാർക്ക് പൂവാർ വഴി സഞ്ചരിക്കാനാവാത്ത സ്ഥിതിയുണ്ട്. ഇതേത്തുടർന്നാണ് പൊലീസ് പരിശോധനയ്ക്കിറങ്ങിയത്.