
തിരുവനന്തപുരം: ബൗദ്ധിക പരിഷ്‌ക്കരണത്തിനും പരിണാമത്തിനും തുടക്കം കുറിച്ച പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരളകൗമുദിയുടെ 111-ാം വാർഷികത്തിന്റെ സമാപന സമ്മേളനവും ഡിസംബർ ഫെസ്റ്റും തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ തത്വചിന്തകൾ അഗാധമായ സ്വാധീനം ചെലുത്തിയ പത്രമായ കേരളകൗമുദി മാറ്റിനിറുത്തപ്പെട്ടവരുടെ ശബ്‌ദമായി നിന്ന് രാഷ്‌ട്രീയ ചായ്‌വ് പ്രകടിപ്പിക്കാതെ കേരളത്തിലെ ഏറ്റവും സ്വാധീനമുള്ള പത്രമായി മാറി. വസ്‌തുനിഷ്‌ഠതയാണ് കേരളകൗമുദിയുടെ മുഖമുദ്ര. വ്യത്യസ്‌ത പരിപാടികൾ നിർമ്മിച്ച് കൗമുദി ടിവി ജനശ്രദ്ധയിൽ മുൻപന്തിയിൽ നിൽക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.
തലസ്ഥാനത്തിന്റെ സ്വന്തം പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇ പേപ്പർ എന്ന നിലയ്‌ക്കും ജനലക്ഷങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞുവെന്നും ആന്റണി രാജു പറഞ്ഞു. ഗുരുദേവ ദർശനങ്ങൾ സമൂഹത്തിലേക്കെത്തിച്ച പത്രമാണ് കേരളകൗമുദിയെന്നും പത്രാധിപർ തുടങ്ങിവച്ച ദൗത്യം അതിശക്തമായി ഇപ്പോഴത്തെ ചീഫ് എഡിറ്റർ ദീപു രവി മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്നും ചടങ്ങിൽ വിശിഷ്‌ട സാന്നിദ്ധ്യമായിരുന്ന രാജധാനി ഗ്രൂപ്പ്‌സ് ചെയർമാൻ ബിജു രമേശ് പറഞ്ഞു.
ഡിസംബർ ഫെസ്റ്റിന്റെ സ്‌പോൺസർമാരെ ചടങ്ങിൽ മന്ത്രിമാരായ ജി.ആർ.അനിൽ, ആന്റണി രാജു, വി.ശിവൻകുട്ടി, വി.കെ.പ്രശാന്ത് എം.എൽ.എ എന്നിവർ ആദരിച്ചു. കൗമുദി ടിവിയിൽ 500 എപ്പിസോഡുകൾ പൂർത്തിയാക്കിയ 'അളിയൻസ്', 350 എപ്പിസോഡുകൾ പൂർത്തിയാക്കിയ 'ഓ മൈ ഗോഡ്' എന്നീ പരിപാടികളുടെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അനുമോദിച്ചു.
കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും തിരുവനന്തപുരം ബ്യൂറോ ചീഫുമായ എ.സി.റെജി അദ്ധ്യക്ഷനായി. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ജനറൽ മാനേജർ (സെയിൽസ്) ഡി.ശ്രീസാഗർ, പ്രൊഡക്ഷൻ ഹെഡ് കെ.എസ്.സാബു, സീനിയർ മാർക്കറ്റിംഗ് മാനേജർ വിമൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.