തിരുവനന്തപുരം; സമൂഹത്തിൽ നിന്ന് എന്തെല്ലാം മാറ്റണമെന്ന് ഗുരുദേവൻ ആഗ്രഹിച്ചിരുന്നുവോ അവയെല്ലാം പുനഃസ്ഥാപിക്കുകയാണ് ചിലരെന്നും നാം നേടിയ നവോത്ഥാനത്തിന് എതിരായുള്ള ദുഷ്ചിന്തകളാണ് ഇപ്പോൾ ഉള്ളതെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെ ക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ശാഖാ മന്ദിരത്തിന്റെ ഉദ്‌ഘാടനം ചെമ്പഴന്തി ഗുരുകുലം കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം ചിന്തകൾക്കെതിരെ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനുവരി 27ന് മത സൗഹാർദ്ദ സമ്മേളനം നടത്തും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും എസ്.എൻ.ഡി.പി യോഗവും കേരളകൗമുദിയും എല്ലാക്കാലത്തും ഒന്നിച്ചുപോകണമെന്ന നിർദ്ദേശത്തോടെയാണ് സ്വാമി ശാശ്വതികാനന്ദ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ കൈപിടിച്ചു കൊണ്ടുവന്നത്. അന്ന് സ്വാമി ശാശ്വതികാനന്ദയ്‌ക്കൊപ്പമുണ്ടായിരുന്ന സ്വാമി ശുഭാംഗാനന്ദ ധർമ്മ സംഘം ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായതിൽ ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയാണ് ഗുരുദേവൻ ഉദ്‌ബോധനം നടത്തിയത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ എസ്.എൻ.ഡി.പി യോഗം പ്രവർത്തന രംഗത്ത് ഏറെ മുന്നേറിയത് വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറിയായതിന് ശേഷമാണെന്ന് ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ഗുരുകുലം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുഭാഷ്, സെക്രട്ടറി രാജേഷ് ഇടവാക്കോട്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ചെമ്പഴന്തി ശശി, വി. മധുസൂദനൻ, ആലുവിള അജിത്, യൂണിയൻ പ്രതിനിധി അജിത് ചെമ്പഴന്തി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് വി. പത്മിനി, ട്രഷറർ വി. ഗീത, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് എസ്.വി. ശ്രീകണ്ഠൻ, സെക്രട്ടറി എം.എൽ. അരുൺ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ജി.ആർ. ജയ്മോഹൻലാൽ സ്വാഗതവും വൈസ് പ്രസിഡന്റ് സി. രാജേന്ദ്രൻ നന്ദിയും പറഞ്ഞു