
തിരുവനന്തപുരം:ടൂറിസം രംഗത്ത് ഉണ്ടാവുന്ന പുരോഗതികൾ രാജ്യത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുത്തരിക്കണ്ടം മൈതാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്ര പ്രസക്തമായ ഇടമാണ് പുത്തരിക്കണ്ടം.തീരവും ഇടനാടുകളും മലയോരങ്ങളും ഉള്ള കേരളം ടൂറിസ്റ്റ് സ്പോട്ട് ആകുമ്പോൾ അതിൽ നായകത്വം വഹിക്കുന്നത് തിരുവനന്തപുരമായിരിക്കും. ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ കേരളത്തിലേക്ക് എത്തിയ വർഷമാണ് കടന്നുപോയത്. പുതുവർഷത്തിൽ നൈറ്റ് ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷയായി. മന്ത്രിമാരായ ആന്റണി രാജു, വി.ശിവൻകുട്ടി എന്നിവർ മുഖ്യാതിഥികളായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആതിര.എൽ.എസ്,കൗൺസിലർ ഡി.ആർ.അനിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലീം, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ജമീല ശ്രീധരൻ, നികുതി അപ്പീൽകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു വിജയൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന കെ.എസ്, നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്, സ്മാർട്ട് സിറ്റി ജനറൽ മാനേജർ കൃഷ്ണകുമാർ .എസ്,സൂപ്രണ്ടിംഗ് എൻജിനിയർ അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു. ലഹരിമുക്ത കാമ്പെയിനിന്റെ ഭാഗമായി സ്കൂളുകളിൽ നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.
പുതുപുത്തനായി പുത്തരിക്കണ്ടം
സാംസ്കാരിക തനിമ നിലനിറുത്തിയാണ് 8.13 ഏക്കറിൽ 11.58 കോടി ചെലവഴിച്ച് പുത്തരിക്കണ്ടം മൈതാനം നവീകരിച്ചത്. 500 പേർക്കിരിക്കാവുന്ന രണ്ട് ഓപ്പൺ എയർ തിയേറ്റർ, സൈക്ലിംഗ് ട്രാക്ക്, ഓപ്പൺ ജിം,ചിൽഡ്രൻസ് പാർക്ക്, യോഗ ഏരിയ, നാലുകെട്ട് മാതൃകയിലുള്ള ആർട്ട് ഗാലറി, യോഗ തീം പാർക്ക്, സി.സി.ടി.വി,വൈഫൈ ഹോട്ട്സ്പോട്ട് ഇരുപതോളം കടകൾ,കഫറ്റീരിയ എന്നിവ പുത്തരിക്കണ്ടത്ത് സജ്ജീകരിച്ചിട്ടുണ്ട്. വഴിയോരക്കച്ചവടക്കാരുടെ ഉന്നമനത്തിനായി ജൈവവസ്തുക്കൾ,ഹാൻഡിക്രാഫ്റ്റ്സ് എന്നിവ വിലക്കുറവിൽ വാങ്ങാനാവുന്ന ആഴ്ചച്ചന്തകളും സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്.