ശിവഗിരി: 90-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ നടന്ന തീർത്ഥാടക ഘോഷയാത്രയിൽ ആയിരകണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു. വർക്കല നഗരത്തെ അക്ഷരാർത്ഥത്തിൽ പീതശോഭയിലാഴ്ത്തും വിധമാണ് ഘോഷയാത്ര നഗരം വലംവച്ചത്. പുലർച്ചെ ശിവഗിരി മഹാസമാധിയിൽ വിശേഷാൽ പൂജകൾക്കും പ്രാർത്ഥനകൾക്കും ശേഷം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി സദ്രൂപാനന്ദ, സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി സത്യാനന്ദതീർത്ഥ, സ്വാമി ധർമ്മവ്രത, സ്വാമി വീരേശ്വരാനന്ദ, സ്വാമി ശങ്കരാനന്ദ എന്നിവരുടെയും ബ്രഹ്മചാരികളുടെയും ഗുരുദേവ ഭക്തന്മാരുടെയും നേതൃത്വത്തിൽ അലങ്കരിച്ച റിക്ഷ നഗരപ്രദക്ഷിണം നടത്തി. കേരളത്തിന് അകത്തും പുറത്തും നിന്നുമായി എത്തിയ പദയാത്രസംഘങ്ങളും ഫ്ലോട്ടുകളും ഘോഷയാത്രയിൽ പങ്കുചേർന്നു. ശിവഗിരി പ്രാന്തം, മൈതാനം, റയിൽവേ സ്റ്റേഷൻ വഴി രാവിലെ 8ഓടെ തിരികെ മഹാസമാധിയിലെത്തി. ഘോഷയാത്ര കടന്നുപോയ വീഥിക്ക് ഇരുവശത്തുമുള്ള ഭവനങ്ങൾ നിറപറയും നിലവിളക്കും കൊളുത്തി ഘോഷയാത്രയെ എതിരേറ്റു.