
കത്ത് വിവാദത്തിൽ രണ്ടാംഘട്ട സമരത്തിനൊരുങ്ങി ബി.ജെ.പിയും യു.ഡി.എഫും
തിരവനന്തപുരം: നഗരസഭാ കത്ത് വിവാദത്തിൽ സമവായ ഫോർമുലയുടെ അടിസ്ഥാനത്തിൽ ഡി.ആർ.അനിൽ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 12.40നാണ് നഗരസഭാ ഓഫീസിലെത്തി സെക്രട്ടറി ബിനു ഫ്രാൻസിസിന് രാജിക്കത്ത് കൈമാറിയത്. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌ത നവീകരിച്ച പുത്തരിക്കണ്ടം പാർക്കിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് അനിൽ നഗരസഭയിലെത്തിയത്.രാജിയുടെ പുറത്ത് സമരങ്ങൾ തത്ക്കാലം കെട്ടടങ്ങിയെങ്കിലും പൂർണമായും തലയൂരാൻ ഭരണസമിതിക്കാകില്ല. സമരത്തിന്റെ രണ്ടാംഘട്ടത്തിനായുള്ള ആലോചനയിലാണ് ബി.ജെ.പിയും യു.ഡി.എഫും.മേയറെ ലക്ഷ്യമിട്ടാണ് രണ്ടാംഘട്ട സമരം. കത്ത് സംബന്ധിച്ച് ഹൈക്കോടതിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്‌മാനിലും കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസുകൾ ചൂണ്ടിക്കാട്ടിയാണ് ചർച്ചയിൽ മേയറുടെ രാജി ആവശ്യത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറിയത്. കേസുകളിലുണ്ടാകുന്ന കോടതി പരാമർശങ്ങളിലും വിധിയിലുമാണ് ഇനി ഭരണസമതിയും സി.പി.എമ്മും കോൺഗ്രസും ഉറ്റുനോക്കുന്നത്. ഇവിടെനിന്ന് എതിർ പരാമർശങ്ങളുണ്ടായാൽ വീണ്ടും മേയറുടെ രാജി ആവശ്യം ഉച്ചത്തിൽ ഉയരും. എന്നാൽ,കത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞെങ്കിൽ മാത്രമേ കേസിൽ തുടർനടപടിയുണ്ടാവുകയുള്ളൂ.
വീടുകൾ കയറാൻ ബി.ജെ.പി
നഗരസഭയ്‌ക്ക് മുന്നിലെ സമരം അവസാനിപ്പിച്ച ബി.ജെ.പി രണ്ടാംഘട്ടമായി വാർഡുതല സമരം നടത്താനുള്ള ഒരുക്കത്തിലാണ്. ഭരണസമിതിക്കെതിരായ അഴിമതി ആരോപണങ്ങൾ ലഘുലേഖകളായി അച്ചടിച്ച് വീടുകൾ തോറും കയറിയിറങ്ങി താഴെത്തട്ടിൽ പ്രചാരണമെത്തിക്കുകയാണ് ലക്ഷ്യം.രണ്ട് ദിവസത്തിനകം ചേരുന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.
നിയമവഴി നോക്കി യു.ഡി.എഫ്
മേയർക്കെതിരെ യു.ഡി.എഫ് ഫയൽ ചെയ്‌തിരിക്കുന്ന കേസ് വ്യാഴാഴ്‌ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.കേസിന്റെ ഭാവിയനുസരിച്ചാകും യു.ഡി.എഫ് സമരത്തിന്റെ ഭാവിയെന്ന് കോൺഗ്രസ് കക്ഷി നേതാവ് പി.പദ്മകുമാർ കേരളകൗമുദിയോട് പറഞ്ഞു. അന്നേദിവസം യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗവും ചേരും.
ഹർത്താൽ പിൻവലിച്ചു
ജനുവരി 6ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുള്ള കോർപ്പറേഷൻ ഓഫീസ് വളയലും ,7ന് നഗരസഭാ അതിർത്തിയിൽ പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലും പിൻവലിക്കുന്നതായി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് അറിയിച്ചു.
സജിചെറിയാനെ പോലെ ഞാനും വരും: ഡി.ആർ.അനിൽ
സമവായത്തിന്റെ ഭാഗമായാണ് മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറിനിൽക്കുന്നതെന്ന് പദവി രാജിവച്ച ശേഷം ഡി.ആർ.അനിൽ കേരളകൗമുദിയോട് പറഞ്ഞു.സജി ചെറിയാൻ നിരപരാധിത്വം തെളിയിച്ച് മന്ത്രിസഭയിലേയ്‌ക്ക് തിരികെ വരുന്നതു പോലെ ഞാനും വരും.കത്തെഴുതിയതിനോ കത്തെഴുതിയതിന്റെ അടിസ്ഥാനത്തിൽ ആർക്കെങ്കിലും ജോലി കിട്ടിയതിനോ യാതൊരു തെളിവുമില്ല.സ്ഥാനാർത്ഥിയാകുമെന്ന് പോലും വിചാരിക്കാത്ത ഞാനാണ് കൗൺസിലറായത്.അച്ഛനെയും അമ്മയെയും പോലെയാണ് പാർട്ടിയെ കാണുന്നത്. അതുകൊണ്ടാണ് പാർട്ടി ആവശ്യപ്പെട്ടപ്പോൾ ഒരു പ്രയാസവുമില്ലാതെ രാജിവച്ചത്.ബലിയാടായെന്ന ചിന്ത തനിക്ക് ഇല്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
പുതിയ ചെയർമാൻ ആര് ?
ഡി.ആർ.അനിൽ പദവി ഒഴിഞ്ഞതോടെ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി ആരെത്തും എന്നാണ് ആകാംക്ഷ. സെക്രട്ടറി ഇന്നലെ തന്നെ രാജിവിവരം ജില്ലാ കളക്‌ടറെ അറിയിച്ചു. തിരഞ്ഞെടുപ്പ് തീയതി തീരുമാനിച്ച ശേഷം സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ പന്ത്രണ്ട് പേർക്കും കളക്‌ടർ കത്തയയ്‌ക്കും. ഇവർക്കാണ് ചെയർമാനെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ളത്. പത്ത് ദിവസത്തിനകം തിരഞ്ഞെടുപ്പ് നടക്കും. അതുവരെ മേയർക്കാകും മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചുമതല. കമ്മിറ്റിയിൽ ആകെയുള്ള പന്ത്രണ്ട് അംഗങ്ങളിൽ 7 പേർ എൽ.ഡി.എഫും 4 പേർ ബി.ജെ.പിയും ഒരാൾ യു.ഡി.എഫുമാണ്.ഡി.ആർ.അനിലിനെ കൂടാതെ സി.പി.എമ്മിന്റെ ഏരിയാ കമ്മിറ്റി അംഗങ്ങളായ മേടയിൽ വിക്രമൻ,എൽ.എസ്.സാജു,ഡി.രമേശൻ എന്നിവർ സ്റ്റാൻഡിംഗ് കമ്മിറ്റിയിലുണ്ട്.ഇവരിൽ ഒരാൾ അദ്ധ്യക്ഷനാകാനാണ് സാദ്ധ്യതയെന്ന് സി.പി.എം വൃത്തങ്ങൾ പറയുന്നു.
വോട്ടവകാശമുള്ള അംഗങ്ങൾ
എൽ.ഡി.എഫ്
ഡി.ആർ.അനിൽ
ബിന്ദുമേനോൻ എൽ.ആർ
ഡി.ശിവൻകുട്ടി
ഡി.രമേശൻ
എൽ.എസ്.സാജു
മേടയിൽ വിക്രമൻ
വി.എസ്.സുലോചനൻ
ബി.ജെ.പി
മഞ്ജു.പി.വി
ഷീജാ മധു
ചെമ്പഴന്തി ഉദയൻ
കെ.അനിൽകുമാർ
യു.ഡി.എഫ്
പി.പദ്‌മകുമാർ