
തിരുവനന്തപുരം: മന്ത്രിയായുള്ള രണ്ടാംവരവിൽ സജിചെറിയാന് ഭീഷണി സ്വന്തം നാവു തന്നെയായിരിക്കും. ഭരണഘടനയെ അവഹേളിച്ചിട്ടും എന്തിന് രാജി വയ്ക്കണമെന്ന ചോദ്യവുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ച സജി ഗത്യന്തരമില്ലാതെയാണ് മന്ത്രിസ്ഥാനമൊഴിഞ്ഞത്.
ആലപ്പുഴയിലെ തലയെടുപ്പുള്ള നേതാക്കളിലൊരാളായി വളർന്ന സജിയെ പലതവണ നാക്ക് ചതിച്ചു. തലനാരിഴയ്ക്കാണ് എല്ലാത്തവണയും രക്ഷപെട്ടത്. 2018ലെ മഹാപ്രളയകാലത്ത് ഹെലികോപ്ടർ അയച്ചില്ലെങ്കിൽ ആയിരങ്ങൾ മരിച്ചുവീഴുമെന്ന് ചാനലുകളിൽ വിലപിച്ചത് സർക്കാരിന്റെ രക്ഷാദൗത്യത്തിന്റെ മഹിമ കെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, രാഷ്ട്രീയക്കാർ 55 വയസിൽ വിരമിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്. ആലപ്പുഴയിലെ തലമുതിർന്ന നേതാക്കൾക്കെതിരായ കൂരമ്പായിരുന്നു അത്.
ദത്ത് വിവാദത്തിൽ എസ്.എഫ്.ഐ മുൻ നേതാവ് കൂടിയായ അനുപമയ്ക്കെതിരെ സജി നടത്തിയ വിമർശനങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന പരാതി പൊലീസ് ഒതുക്കിയതുകൊണ്ട് രക്ഷപ്പെട്ടു. "കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞ് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയെ ഉണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലിൽ പോവുക."- ഇതായിരുന്നു വാക്കുകൾ.
സർവകലാശാല പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്നതായിരുന്നു അടുത്ത ബോംബ്. വിവാദത്തിലായ അടുത്ത പ്രസംഗം ഇങ്ങനെ-''സ്പെയിനിൽ 2.56 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാൽ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കും. സ്പെയിനിൽ സെക്സ് ടൂറിസമാണ്. ഇവിടെ സെക്സ് എന്നു പറഞ്ഞാൽ തന്നെ പൊട്ടിത്തെറിയാണ്.'
സിൽവർലൈനിന്റെ ഇരുവശവും ബഫർസോണേ ഉണ്ടാവില്ലെന്ന് തറപ്പിച്ച് പറഞ്ഞത് പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി തിരുത്തിയതായിരുന്നു അടുത്തത്. മന്ത്രിസ്ഥാനം നഷ്ടമായിട്ടും സജിചെറിയാന് നാവിനെ നിയന്ത്രിക്കാനായില്ല. നവംബറിൽ പാണ്ടനാട് വള്ളംകളിയുടെ സമാപനച്ചടങ്ങിൽ പട്ടികജാതിക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരേ മോശം പദപ്രയോഗം നടത്തിയെന്ന് പരാതിയുണ്ടായി.
4.10 ലക്ഷത്തിന്റെ ടോയ്ലെറ്റ്
മന്ത്രിയായിരിക്കെ സജിചെറിയാന്റെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ ടോയ്ലെറ്റ് നിർമ്മിക്കാൻ 4.10ലക്ഷം രൂപ അനുവദിച്ചത് വൻ വിവാദമായിരുന്നു. സെക്രട്ടേറിയറ്റിന്റെ ഒന്നാം അനക്സിലായിരുന്നു സജിചെറിയാന്റെ ഓഫീസ്.
സജി ചെറിയാൻ
വിവാദം നാൾവഴി
2022 ജൂലായ് 3: ഭരണഘടനയുമായി ബന്ധപ്പെട്ട് മല്ലപ്പള്ളിയിലെ സി.പി.എം പൊതുയോഗത്തിൽ സജി ചെറിയാന്റെ വിവാദ പ്രസംഗം
ജൂലായ് 6: പ്രസംഗവീഡിയോ പ്രചരിച്ചതോടെ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സി.പി.എം അടിയന്തര സെക്രട്ടേറിയറ്റ് ചേർന്ന് രാജി തീരുമാനിക്കുന്നു. വൈകിട്ട് 6.45ന് സജി ചെറിയാൻ രാജി പ്രഖ്യാപിക്കുന്നു
ജൂലായ് 26: സജി ചെറിയാനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന സ്വകാര്യ ഹർജിയിൽ, അതിന് നിയമവ്യവസ്ഥയില്ലെന്ന് ഹൈക്കോടതി
ഡിസംബർ 8: എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി ഡിവിഷൻബെഞ്ച് തള്ളി
ഡിസംബർ 8: കോടതിനിർദ്ദേശപ്രകാരം കേസെടുത്ത് അന്വേഷിച്ച തിരുവല്ല പൊലീസ്, ആരോപണത്തിന് തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി
ഡിസംബർ 30: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാൻ സി.പി.എം സെക്രട്ടേറിയറ്റ് നിർദ്ദേശം
മുഖ്യമന്ത്രിയുടെ വിശ്വസ്തൻ
സജിയുടേത് പ്രതീക്ഷിച്ച
തിരിച്ചു വരവ്
രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: സജി ചെറിയാന് പകരക്കാരനെ സി.പി.എം നിയോഗിക്കാതിരുന്നപ്പോൾ തന്നെ മന്ത്രിസഭയിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് ഏറെക്കുറെ ഉറപ്പായിരുന്നു. ഇടതുപക്ഷത്തിന്റെ ഏറ്റവും കരുത്തുള്ള ജില്ലകളിലൊന്നായ ആലപ്പുഴയിൽ സി.പി.എമ്മിന്റെ ഏറ്റവും കരുത്തനെന്ന പ്രതിച്ഛായയാണ് സജിക്ക്.
മത്സ്യബന്ധന വകുപ്പ് കൈകാര്യം ചെയ്തിരുന്ന സജി രാജി വയ്ക്കുമ്പോൾ പി.പി. ചിത്തരഞ്ജൻ പകരക്കാരനാകുമെന്ന അഭ്യൂഹങ്ങളെയെല്ലാം സി.പി.എം തള്ളിക്കളഞ്ഞത് സജിയിലുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രം. മന്ത്രിസഭയിൽ സജി ചെറിയാന്റെ പ്രവർത്തനത്തെക്കുറിച്ചും എതിരഭിപ്രായമില്ലായിരുന്നു. സംഘാടകമികവിലൂടെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയർത്തപ്പെട്ടത് പോലും അതുകൊണ്ടാണ്.
സജി മന്ത്രിസഭയിലുണ്ടായിരുന്നെങ്കിൽ വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം ഇത്രയും കുഴഞ്ഞുപോവില്ലായിരുന്നെന്ന് ചിന്തിക്കുന്നവരും സി.പി.എമ്മിലുണ്ട്. തോമസ് ഐസക്കിന് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിൽ ആലപ്പുഴയിൽ നിന്നെത്തിയ സജിയാണ് ജില്ലയിൽ ഇപ്പോൾ പാർട്ടിയുടെ ഒന്നാമത്തെ മുഖം. കർക്കശനായും വേണ്ടിടത്ത് സൗമ്യനായുമുള്ള സജി ചെറിയാന്റെ പ്രവർത്തനശൈലി വിഭാഗീയതയുടെ അല്ലലില്ലാതെ ആലപ്പുഴയിൽ പാർട്ടിയെ മുന്നോട്ട് നയിക്കുന്നു.
2016ലെ പോലെ 21ലും നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ പത്തിൽ ഒമ്പത് സീറ്റുകളും നേടിയത് ഇടതുമുന്നണിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ കൈവിട്ടു പോയ അരൂർ സീറ്റ് തിരിച്ചുപിടിച്ചു. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 32,093 വോട്ടുകൾക്കാണ് ചെങ്ങന്നൂരിൽ നിന്ന് സജി ചെറിയാൻ വീണ്ടും വിജയിച്ചത്. 2018ലെ ഉപതിരഞ്ഞെടുപ്പിലാണ് കെ.കെ. രാമചന്ദ്രൻ നായർ അന്തരിച്ചതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാൻ വൻഭൂരിപക്ഷത്തോടെ ആദ്യമായി വിജയിക്കുന്നത്.
ജി. സുധാകരൻ ഇപ്പോൾ ജില്ലാതലത്തിൽ ഒതുങ്ങി നില്പാണ്. തോമസ് ഐസക് തലസ്ഥാനത്ത് കേന്ദ്രീകരിച്ചാണ് പ്രവർത്തനമേറെയും. സജി രണ്ടാം വരവിൽ കൂടുതൽ കരുതലോടെ നീങ്ങുമെന്ന പ്രതീക്ഷയാണ് സി.പി.എമ്മിന്.
കടിച്ചുതൂങ്ങിക്കിടന്നില്ല: സജി ചെറിയാൻ
ചെങ്ങന്നൂർ: മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങിക്കിടന്നിട്ടില്ലെന്നും സ്ഥാനം പോകുമെന്ന് പറഞ്ഞപ്പോൾ ഭയപ്പെട്ടില്ലെന്നും സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. പാർട്ടിയുടെ ധാർമ്മികത കൂടി ഉയർത്തിപ്പിടിച്ചായിരുന്നു രാജി. രാജി പിൻവലിക്കുന്ന കാര്യം ആലോചിക്കേണ്ടത് പാർട്ടിയാണ്. ആ ആലോചനയാണ് ഇപ്പോൾ നടത്തിയത്. ഇനി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. കോടതിയിൽ രണ്ടു കേസുകൾ വന്നതുകൊണ്ടാണ് രാജിവച്ചത്. അന്തിമാഭിപ്രായം കോടതിയുടേതാണ്.
ഭരണഘടനാവിരുദ്ധമായി പ്രസംഗിച്ചെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ബോധപൂർവമായി ഭരണഘടനയെ അധിക്ഷേപിക്കുന്ന പ്രസംഗമല്ല നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇപ്പോൾ മന്ത്രിയാവുന്നതിന് നിയമപരമായി തടസമില്ല.
സജിയുടെ സത്യപ്രതിജ്ഞ ദാസ് കാപ്പിറ്റൽ
തൊട്ടാവണം: വി. മുരളീധരൻ
തിരുവനന്തപുരം: വീണ്ടും മന്ത്രിയാകുമ്പോൾ സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്യേണ്ടത് ഭരണഘടന തൊട്ടല്ലെന്നും മറിച്ച് ദാസ് കാപ്പിറ്റലിനോട് പ്രതിബദ്ധത പുലർത്താമെന്ന വാചകം ചൊല്ലിയാവണെന്നും കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചതോടെ ഭരണഘടനയോട് കൂറില്ലെന്ന് സി.പി.എം തെളിയിച്ചുവെന്നും ഭരണഘടനാ നിർമ്മാതാക്കളെ അപമാനിക്കുന്ന സമീപനമാണ് പിണറായി സർക്കാരിൽ നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരിദിനമായി
ആചരിക്കും:
കെ.സുധാകരൻ
കണ്ണൂർ: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനം കോൺഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. സജി ചെറിയാനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാൻ കോൺഗ്രസിനും യു.ഡി.എഫിനും സാദ്ധ്യമല്ലെന്നും കോടതിയെ സമീപിക്കുന്നതിന്റെ നിയമവശം പരിശോധിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജനത്തെ
വെല്ലുവിളിക്കുന്നു: സതീശൻ
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സി.പി.എം തീരുമാനം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സജിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന സാഹചര്യം അതേപടി നിലനിൽക്കുകയാണ്.
നീക്കം ഭരണഘടനാവിരുദ്ധം:
കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാരിന് ഭരണഘടനയോട് ബഹുമാനമില്ലെന്ന് വ്യക്തമായി. ഭരണഘടനയെ അവഹേളിച്ചാൽ ശിക്ഷ ആറുമാസത്തേക്ക് മാത്രമാണോയെന്ന് മുഖ്യമന്ത്രി പറയണം.
സജി ചെറിയാനെ
മന്ത്രിയാക്കുന്നത്
ശരിയല്ല: ചെന്നിത്തല
തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിയാക്കുന്നത് ധാർമ്മികമായി ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.അദ്ദേഹത്തിനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ട്.പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ ഏത് കാര്യത്തിനാണ് തെളിവ് കിട്ടുന്നത്?ഒന്നാം പിണറായി സർക്കാരിലെ അഴിമതി ആരോപണത്തിന്റെ ഒരറ്റം മാത്രമാണ് പി.ജയരാജൻ ഉന്നയിച്ചത്. അതദ്ദേഹം നിഷേധിച്ചിട്ടില്ല.ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി ഇക്കാര്യമന്വേഷിക്കണമെന്നതിൽ ഉറച്ചുനില്ക്കുന്നു.അഴിമതി നടത്തിയവരെ വെള്ള പൂശാനുള്ള നീക്കമാണ്.ഇന്നുവരെ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല.