p

തിരുവനന്തപുരം: ശബരിമലയിലെ നിർദ്ദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുടെ പ്രാരംഭ നടപടികൾക്കായി കഴിഞ്ഞ ബഡ്‌ജറ്റിൽ രണ്ട് കോടി രൂപ സർക്കാർ നീക്കിവച്ചിരുന്നു. അമേരിക്കൻ കമ്പനിയായ ലൂയി ബർജറിനെയാണ് പദ്ധതിയുടെ കൺസൾട്ടന്റായി കെ.എസ്‌.ഐ.ഡി.സി നിയമിച്ചിരിക്കുന്നത്. സാങ്കേതിക - സാമ്പത്തിക ആഘാത പഠനം പൂർത്തിയാക്കാൻ ആഗസ്റ്റ് വരെ കമ്പനിക്ക് സമയം നൽകിയിട്ടുണ്ട്. ചെറുവള്ളി എസ്റ്റേറ്രിന് മദ്ധ്യത്തിൽ വിഭാവനം ചെയ്തിരിക്കുന്ന റൺവേയുടെ ഭാഗത്ത് ബർജർ കമ്പനി നേരത്തെ മണ്ണ് പരിശോധന നടത്തിയിരുന്നു.

ഭൂമിയേറ്റെടുക്കലിന് രണ്ടു വ്യവസ്ഥകളും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സാമൂഹികാഘാതപഠനം നടത്തി അതിന്റെ റിപ്പോർട്ട് ഒരു വിദഗ്ദ്ധ സമിതി പരിശോധിക്കും.​ കണ്ടെത്തിയ സ്ഥലം വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് വ്യോമയാന ഡയറക്ടർ ജനറലും എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയും അംഗീകരിക്കണം എന്നിവയാണ് വ്യവസ്ഥകൾ.