വെള്ളറട: മദ്യലഹരിയിൽ കാറിലെത്തിയ യുവാക്കൾ 75 കാരിയോട് നൃത്തം ചെയ്യാൻ ആവശ്യപ്പെടുകയും കാറിലേക്ക് വലിച്ചുകയറ്റാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നു. ഇക്കഴിഞ്ഞ 28നാണ് പുല്ലന്തേരി ചെറുപുന്നക്കാല സ്വദേശിനിയോട് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടത്. ഇവർ വഴങ്ങാത്തതിനെ തുടർന്നായിരുന്നു കാറിൽ കയറ്റാൻ ശ്രമം. അതിനിടെ പിടിവിട്ട് ഇറങ്ങിയോടി സമീപത്തെ ബന്ധുവീട്ടിൽ അഭയം തേടി. ബന്ധുവായ ലീല, മകൻ ഗോപൻ എന്നിവർ പുറത്തിറങ്ങി വന്നപ്പോൾ യുവാക്കൾ ഇവരെ മർദ്ദിച്ചു. പരിക്കേറ്റ മൂന്നുപേരും പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വണ്ടിത്തടം സ്വദേശി സുജിൻ,​ തോലടി സ്വദേശി നിധിൻ ഉദയൻ,​ എന്നിവർക്കെതിരെ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളറട പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.