ആറ്റിങ്ങൽ: ആറ്റിങ്ങൽ കലാഭവൻ മണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന മംഗല്യ മണിനാദം സമൂഹവിവാഹവും കലാഭവൻ മണി സ്മാരക പുരസ്കാര വിതരണവും ഇന്ന് ആറ്റിങ്ങലിൽ നടക്കും.

അനശ്വരനടൻ കലാഭവൻ മണിയുടെ 52-ാം ജന്മദിനാഘോഷവും സമിതിയുടെ 14-ാം വാർഷികവും അനുബന്ധിച്ചാണ് പരിപാടികൾ. മംഗല്യമണിനാദം പദ്ധതിയിലൂടെയുള്ള സമൂഹവിവാഹം രാവിലെ 11ന് ആറ്റിങ്ങൽ കോരാണി നങ്ങേലി ഗ്രാമംവിളയിൽ തെക്കതിൽ ബാലഭദ്ര ദേവീക്ഷേത്രസന്നിധിയിൽ നടക്കും. എം.എൽ.എമാരായ വി.ശശി,വി.ജോയ്,മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ചന്ദ്രബാബു,വൈസ് പ്രസിഡന്റ് ശ്രീജ,സാമൂഹ്യപ്രവർത്തകനായ വിളയിൽ എൻ.പ്രശാന്ത്,ചലച്ചിത്ര താരങ്ങളായ ജീജാ സുരേന്ദ്രൻ, ഗായത്രി വർഷ,അമ്പിളി സോമൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

ഉച്ചയ്ക്ക് 2 മുതൽ മാമം എസ്.എസ്.പൂജാ കൺവെൻഷൻ സെന്ററിൽ നിറവ് 2023 നടക്കും.സാംസ്കാരികസമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.കലാഭവൻ മണി സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത് അദ്ധ്യക്ഷനാകും.അഡ്വ.അടൂർ പ്രകാശ് എം.പി കലാഭവൻ മണി അനുസ്മരണവും സ്നേഹസാഗരം ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പനവൂർ സഫീർഖാൻ മന്നാനി മുഖ്യപ്രഭാഷണവും നടത്തും.അഡ്വ.ഒ.എസ്.അംബിക എം.എൽ.എ അന്നദാനവാഹന താക്കോൽദാന കൈമാറ്റം നടത്തും.ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പഠനോപകരണവും കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ.രാമു രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്യും.വിദ്യാർത്ഥികളുടെ പഠനം ഏറ്റുവാങ്ങൽ പദ്ധതി വിവരണം മുൻ എം.എൽ.എ അഡ്വ.ബി.സത്യൻ നടത്തും.അനാഥാലയങ്ങൾക്കുള്ള ധനസഹായം ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ വിതരണം ചെയ്യും.നിറവ് സഹായനിധി ബ്രോഷർ പ്രകാശനം ആറ്റിങ്ങൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു നിർവഹിക്കും.ചലച്ചിത്രനടനും സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാർ,സമിതി രക്ഷാധികാരി ജീജാ സുരേന്ദ്രൻ,മെമ്പറും ഡബിംഗ് ആർട്ടിസ്റ്റുമായ ശശികുമാർ രത്നഗിരി,ട്രഷറർ ഷൈൻരാജ് ആറ്റിങ്ങൽ,സെക്രട്ടറി രാജേഷ് തിരുമേനി തുടങ്ങിയവർ പങ്കെടുക്കും. ജഗതി ശ്രീകുമാർ,മല്ലിക സുകുമാരൻ,തുളസിദാസ്,ചിപ്പി രഞ്ജിത്ത്,ദിനേശ് പണിക്കർ,വഞ്ചിയൂർ പ്രവീൺകുമാർ,എൻ.എം.ബാദുഷ,ലക്ഷ്മി നക്ഷത്ര,ഫിറോസ് കുന്നും പറമ്പിൽ,രാജേഷ് തലച്ചിറ,പ്രവീൺ ഇറവങ്കര,സംഗീത മോഹൻ,ടി.എസ്.സജി,ഷിജു അരൂർ,ആദിത്യൻ,മോളി കണ്ണമ്മാലി,അമ്പിളി ദേവി തുടങ്ങി നിരവധി പ്രമുഖർക്ക് കലാഭവൻ മണി സ്മാരക പുരസ്കാരം സമ്മാനിക്കും.തുടർന്ന് മണിനാദം നാടൻപാട്ട് കലാസംഘത്തിന്റെ കലാസന്ധ്യ.