2022

നഷ്‌ടങ്ങളുടെ വർഷം കൂടിയാണ് 2022. രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് വിരാജിച്ച നിരവധി പേരാണ് ഈ വർഷം മൺമറഞ്ഞത്. ഭൂരിപക്ഷം പേരും ഓർമ്മകളായി മനസിൽ തങ്ങിനിൽക്കുകയാണ്. അവരെയൊക്കെ ഓർത്തെടുക്കാതെ പുതുവർഷത്തിലേയ്‌ക്ക് കടക്കുന്നതെങ്ങനെ......

കോടിയേരി ബാലകൃഷ്‌ണൻ

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ ക്യാൻസറിനോട് പടവെട്ടി 2022 ഒക്ടോ‍ബർ 22ന് മരണത്തിന് കീഴടങ്ങി. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വികാരഭരിതമായ യാത്രാമൊഴിയാണ് മലയാളികൾ അദ്ദേഹത്തിന് നൽകിയത്. 2001 മുതൽ 2016 വരെ തലശേരി എം.എൽ.എയായിരുന്നു. 2006 മുതൽ 2011വരെ ആഭ്യന്തര മന്ത്രി. 2015ൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായി. 2022 ഓഗസ്റ്റ് 28ന് ആരോഗ്യപരമായ കാരണങ്ങളെ തുട‍ർന്ന് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.

ആര്യാടൻ മുഹമ്മദ്

കോൺഗ്രസിന്റെ ഏറനാടൻ ശബ്‌ദമായിരുന്ന ആര്യാടൻ മുഹമ്മദ് സെപ്‌തംബ‍‌ർ 25ന് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുട‍ർന്ന് മരണപ്പെട്ടു. മലപ്പുറത്ത് കോൺഗ്രസിന് സ്വാധീനം ഉണ്ടാക്കിയെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച നേതാവ്. 1987 മുതൽ 2016 വരെ നിലമ്പൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. നാല് തവണ മന്ത്രിയുമായി.

ലതാ മങ്കേഷ്‌കർ

ഇന്ത്യയുടെ വാനമ്പാടിയെന്ന് അറിയപ്പെട്ടിരുന്ന ലതാ മങ്കേഷ്‌കർ ഫെബ്രുവരി ആറിനാണ് അന്തരിച്ചത്. വാ‍ർദ്ധക്യസഹജമായ അസുഖത്തെ തുട‍ർന്ന് ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2001ൽ രാജ്യം ഭാരത്‌രത്ന നൽകി ആദരിച്ച മഹാഗായിക.

കെ.പി.എ.സി ലളിത

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ കെ.പി.എ.സി ലളിത ഫെബ്രുവരി 22ന് അരങ്ങൊഴിഞ്ഞു. നാടകത്തിലൂടെ സിനിമയിൽ എത്തിയ ലളിത ബ്ലാക്ക് ആന്റ് വൈറ്റ് കാലം മുതൽ സജീവമായിരുന്നു. 50 വ‍ർഷത്തിനിടെ അഞ്ഞൂറിലധികം സിനിമകളിലാണ് അഭിനയിച്ചത്. 2016 മുതൽ 2021 വരെ കേരള സംഗീത നാടക അക്കാഡമി ചെയ‍ർപേഴ്സൺ ആയിരുന്നു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മാർച്ച് 6ന് അന്തരിച്ചു. 2009ൽ മുസ്ലിം ലീഗ് നേതൃത്വത്തിലേയ്‌ക്ക് കടന്നുവന്ന അദ്ദേഹം യു.ഡി.എഫ് രാഷ്‌ട്രീയത്തിൽ ലീഗിനെ ചോദ്യം ചെയ്യാൻ കഴിയാത്ത ശക്തിയാക്കി വളർത്തി.

മധു മാസ്റ്റർ

മലയാള നാടക ആചാര്യനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന മധു മാസ്റ്റർ മാർച്ച് 19ന് അന്തരിച്ചു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം കേരളത്തിൽ ഏറെ ച‍ർച്ച ചെയ്യപ്പെട്ട അമ്മ എന്ന നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. സ്പാ‍ർട്ടക്കസ്, പുലിമറഞ്ഞ കുട്ടൻ മൂസ്, മൂട്ട, സുനന്ദ അടക്കമുള്ള നാടകങ്ങളുടെ രചന നി‍ർവഹിച്ച അദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചു.

പ്രൊഫ.എം.കെ.പ്രസാദ്

മലയാളികൾക്ക് പാരിസ്ഥിതികാവബോധം പകർന്നു നൽകിയ വ്യക്തികളിൽ പ്രധാനിയായ പ്രൊഫ.എം.കെ.പ്രസാദ് ജനുവരി 17ന് അന്തരിച്ചു. മലിനീകരണം,പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്‌ ഉയർന്നുവന്ന എണ്ണമറ്റ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകിയിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനായിരുന്നു. സൈലന്റ്‌വാലി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

ഡോ.റോയ് ചാലി

കേരളത്തിലെ ആദ്യ വൃക്കമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ ‍ഡോക്ട‍ർമാരിൽ ഒരാളായ റോയ് ചാലിയുടെ മരണം മാർച്ച് 14നായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രൊഫസറും യൂറോളജി വിഭാഗം മുൻ മേധാവിയുമായിരുന്നു.

സൈറസ് മിസ്‌ത്രി

ടാറ്റാ സൺസ് മുൻ ചെയ‍ർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ സെപ്‌തംബർ 4ന് മരണപ്പെട്ടു. അഹമ്മദാബാദിൽ നിന്നും മുംബയിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അന്ത്യം. രത്തൻ ടാറ്റ വിരമിച്ച ശേഷം ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. രത്തൻ ടാറ്റയുമായി അദ്ദേഹത്തിനുണ്ടായിരുന്ന അഭിപ്രായ വ്യത്യാസവും തുടർന്ന് നടന്ന നിയമയുദ്ധങ്ങളും ചരിത്രത്തിന്റെ ഭാഗം.

രാകേഷ് ജുൻജുൻവാല

ഇന്ത്യൻ ഓഹരി വിപണിയിലെ അത്ഭുത പ്രതിഭാസമായ രാകേഷ് ജുൻജുൻവാല ആഗസ്റ്റ് 15ന് മരണപ്പെട്ടു. വൃക്ക രോഗത്തെ തുട‍ർന്നും കടുത്ത പ്രമേഹത്തെ തുട‍ർന്നും ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുട‍ർന്നായിരുന്നു അന്ത്യം. ഫോബസ് പട്ടികപ്രകാരം 580 കോടി ഡോളറായിരുന്നു (46,000 കോടി രൂപ) മൊത്തം ആസ്‌തി.

ബപ്പി ലാഹിരി

ഗായകനും സംഗീത സംവിധായകനുമായ അലോകേഷ് എന്ന ബപ്പി ലാഹിരി ഫെബ്രുവരി 16ന് അന്തരിച്ചു. ഡിസ്കോ രാജാവ് എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. എൺപതുകളിലെയും തൊണ്ണൂറുകളിലെയും യുവത്വങ്ങളുടെ ലഹരിയായിരുന്നു ബപ്പിയുടെ മാന്ത്രിക സംഗീതം.

കൃഷ്‌ണകുമാർ കുന്നത്ത്

പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായകനായിരുന്ന കൃഷ്‌ണകുമാർ കുന്നത്ത് മേയ് 31ന് അന്തരിച്ചു. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

സിദ്ധു മൂസ് വാല

മേയ് 29നാണ് പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാല കൊല്ലപ്പെടുന്നത്. ഗോൾഡി ബ്രാർ എന്ന സതീന്ദർജീത് സിംഗാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്നു. വാഹനത്തിൽ സഞ്ചരിക്കവെ കൊലയാളി സംഘം എത്തി അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രതാപ് പോത്തൻ

നടനും സംവിധായകനുമായിരുന്ന പ്രതാപ് പോത്തൻ ജൂലായ് 15ന് അന്തരിച്ചു. കലാപരമായി മുന്നിട്ടുനിന്ന സിനിമകളിലെ നായക വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഋതുഭേദം,ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌തു.

കോട്ടയം പ്രദീപ്

സ്വന്തമായ ശൈലികൊണ്ട് മലയാളം സിനിമയിൽ ഇടം നേടിയ നടനായിരുന്നു കോട്ടയം പ്രദീപ്. 1999ൽ ഐ.വി.ശശിയുടെ സിനിമയായ 'ഈ നാട് ഇന്നലെവരെ'യിലൂടെയായിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശം. ഫെബ്രുവരി 17ന് ആയിരുന്നു അന്ത്യം.

കൊച്ചുപ്രേമൻ

നാടകങ്ങളിലൂടെ സിനിമയിലെത്തിയ കൊച്ചുപ്രേമൻ ഹാസ്യരംഗത്ത് വേറിട്ട ശൈലിയിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഡിസംബർ മൂന്നിനായിരുന്നു മരണം.

തലേക്കുന്നിൽ ബഷീർ

ലോക്‌സഭാംഗം, രാജ്യസഭാംഗം, നിയമസഭാംഗം, കെ.പി.സി.സി ആക്‌ടിംഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായ അദ്ദേഹം ലളിത ജീവിതത്തിന് ഉടമയായിരുന്നു. മാർച്ച് 25ന് അന്തരിച്ചു.

ജോൺ പോൾ

നൂറോളം ജനപ്രിയ സിനിമകളുടെ രചന നിർവഹിച്ച് മലയാള സിനിമയ്‌ക്ക് പുത്തൻ ഭാവുകത്വം നൽകിയ എഴുത്തുകാരൻ ഏപ്രിൽ 23ന് വിടവാങ്ങി. 1980ൽ പുറത്തിറങ്ങിയ ഭരതന്റെ ചാമരം ആണ് ആദ്യ സിനിമ. വിടപറയും മുമ്പെ, തേനും വയമ്പും, യാത്ര, ഉണ്ണികളെ ഒരു കഥ പറയാം അടക്കമുള്ള സിനിമകൾക്ക് രചന നിർവഹിച്ചു.

കെ.ശങ്കരനാരായണൻ

കേരള രാഷ്‌ട്രീയത്തിലെ പാലക്കാടൻ വിശുദ്ധി. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം ഗവർണർ, മന്ത്രി, യു.ഡി.എഫ് കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2022 ഏപ്രിൽ 24നായിരുന്നു അന്ത്യം.

ടി.ശിവദാസ മേനോൻ

മുൻ ധനകാര്യ, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന ടി.ശിവദാസ മേനോൻ. സി.പി.എമ്മിന്റെ കേരളത്തിലെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു. മൂന്ന് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജൂൺ 28ന് അന്തരിച്ചു.

കൈനകരി തങ്കരാജ്

നാടക ചലച്ചിത്ര നടനായിരുന്ന കൈനകരി തങ്കരാജ് കരൾരോഗ ബാധയെ തുടർന്ന് ഏപ്രിൽ 3ന് അന്തരിച്ചു. പ്രശസ്‌ത നാടക പ്രവർത്തകൻ കൃഷ്‌ണൻകുട്ടി ഭാഗവതരുടെ മകനാണ്.

ഇടവ ബഷീർ

മലയാള സിനിമയിലെ പ്രശസ്‌ത പിന്നണി ഗായകനായ ഇടവ ബഷീർ മേയ് 28ന് ഗാനമേള വേദിയിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.. യേശുദാസിന്റെയും മുഹമ്മദ് റാഫിയുടെയും പാട്ടുകൾ പാടിയാണ് ഗാനമേള വേദികളിൽ ശ്രദ്ധിക്കപ്പെട്ടത്.

പ്രയാർ ഗോപാലകൃഷ്‌ണൻ

കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. വർഷങ്ങളോളം മിൽമയുടെ സാരഥ്യം വഹിച്ചിരുന്ന അദ്ദേഹം ജൂൺ 4ന് അന്തരിച്ചു.

വി.പി.ഖാലിദ്

നാടക സീരിയൽ നടനായിരുന്ന വി.പി.ഖാലിദ് ജൂൺ 24ന് അന്തരിച്ചു. ഛായാഗ്രഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.

മാളിയേക്കൽ മറിയുമ്മ

മലബാറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ സ്ത്രീയാണ് മാളിയേക്കൽ മറിയുമ്മ ആഗസ്റ്റ് 5ന് അന്തരിച്ചു. വിമൻ സൊസൈറ്റിയുണ്ടാക്കി സ്ത്രീധനത്തിനെതിരെ പോരാട്ടം നടത്തിയ ധീര വനിത.

ബർലിൻ കുഞ്ഞനന്തൻ നായർ

മാർക്‌സിസ്റ്റ് ചിന്തകനും പത്ര പ്രവർത്തകനുമായിരുന്ന ബ‍ർലിൻ കുഞ്ഞനന്തൻ നായ‍ർ ഓഗസ്റ്റ് 8ന് അന്തരിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന അദ്ദേഹം സി.പി.എമ്മിനോട് കലഹിച്ചതും പിണറായി വിരോദ്ധിയായതും ചരിത്രം.

നെടുമ്പ്രം ഗോപി

സിനിമ, സീരിയൽ നടനായിരുന്നു. ബ്ലെസി സംവിധാനം ചെയ്‌ത കാഴ്‌ചയിലെ മമ്മൂട്ടിയുടെ അച്ഛൻ വേഷം ശ്രദ്ധേയം. ഓഗസ്റ്റ് 16നായിരുന്നു അന്ത്യം.

സതീശൻ പാച്ചേനി

കണ്ണൂരിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന സതീശൻ പാച്ചേനി ഒക്‌ടോബർ 27ന് അന്തരിച്ചു. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും സി.പി.എം കോട്ടകളിൽ മത്സരിച്ച് പരാജയപ്പെട്ടു. വി.എസ്.അച്യുതാനന്ദനെതിരെ വരെ വിറപ്പിച്ച പോരാട്ടവീര്യം.

ടി.പി.രാജീവൻ

മലയാളത്തിലെ പ്രമുഖ എഴുത്തുകാരിൽ ഒരാളായിരുന്ന ടി.പി.രാജീവൻ നവംബർ 2ന് അന്തരിച്ചു. കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ഉൾപ്പെടെ നേടിയ അദ്ദേഹത്തിന്റെ നോവലുകളും കവിതകളും ശ്രദ്ധേയം.

സതീഷ് ബാബു പയ്യന്നൂർ

കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യഅക്കാഡമി അവാർഡ് ജേതാവുമായ സതീഷ് ബാബു പയ്യന്നൂർ നവംബർ 24ന് അന്തരിച്ചു. കേരള സാഹിത്യ അക്കാഡമിയിലും ചലച്ചിത്ര അക്കാഡമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്. ഭാരത് ഭവന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു.

മുലായം സിംഗ് യാദവ്

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവുമായിരുന്ന മുലായം സിംഗ് യാദവ് ഒക്‌ടോബർ 10ന് അന്തരിച്ചു. സോഷ്യലിസ്റ്റ് പാർട്ടിയുടെ വക്താവായി നിൽക്കുമ്പോൾ തന്നെ ജാതി രാഷ്‌ട്രീയത്തിന്റെയും പ്രായോഗികതയുടെയും തലതൊട്ടപ്പനായിരുന്നു. ഏറെകാലം ദേശീയരാഷ്‌ട്രീയത്തെയും നിയന്ത്രിച്ചു.

രാഹുൽ ബജാജ്

ഇന്ത്യയുടെ ഉത്പാദനമേഖലയ്‌ക്ക് സ്വപ്‌നച്ചിറകുകൾ നൽകിയ വ്യവസായിയായ രാഹുൽ ബജാജ് ഫെബ്രുവരി 13ന് അന്തരിച്ചു. അരനൂറ്റാണ്ടുകാലം തലപ്പത്തിരുന്ന് ബജാജ് ഗ്രൂപ്പിനെ ലോകോത്തര വ്യവസായ ഗ്രൂപ്പായി വളർത്തിയ ദീർഘദർശിയാണ് അദ്ദേഹം.

എലിസബത്ത് രാജ്ഞി

ഏഴ് പതിറ്റാണ്ടോളം ബ്രിട്ടൻ ഭരിച്ച എലിസബത്ത് രാജ്ഞി സ്കോട്ട്ലാൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ സെപ്‌തംബർ 8ന് അന്തരിച്ചു. വിൻസ്റ്റൺ ചർച്ചിൽ മുതൽ 15 പേർ എലിസബത്തിന്റെ കാലത്ത് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള്ള ഭരണാധികാരി എന്ന നിലയിൽ രാജ്ഞി ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരുന്നു.

ഷിൻസോ ആബെ

ജപ്പാന്റെ ചരിത്രത്തിൽ പ്രധാനമന്ത്രിപദം വഹിച്ചവരിൽ കൊല്ലപ്പെടുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് ഷിൻസോ ആബെ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജൂലായ് 8ന് അദ്ദേഹത്തെ വെടിവച്ച് കൊല്ലുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാനെ നടുക്കിയ രാഷ്ട്രീയ ദുരന്തമാണ് ഷിൻസോ ആബെയുടെ കൊലപാതകം.

മിഖായേൽ ഗോർബച്ചേവ്

സോവിയറ്റ് യൂണിയൻ മുൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് ആഗസ്റ്റ് 31ന് അന്തരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. 1990ൽ സമാധനാത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഫൗസിയ ഹസൻ

ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുറ്റവിമുക്തയായ രണ്ടാംപ്രതി ഫൗസിയ ഹസൻ ഓഗസ്റ്റ് 31ന് അന്തരിച്ചു. മാലി സ്വദേശിയായ ഫൗസിയ ക്യാൻസർ രോഗബാധിതയായിരുന്നു. മുപ്പത്തിയഞ്ചോളം സിനിമകളിലും പതിനൊന്ന് ടെലിവിഷൻ സീരിയലുകളിലും നാല് ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ബെനഡിക്‌ട് പതിനാറാമൻ

കാതോലിക്ക സഭയുടെ മുൻ പോപ്പ് ബെനഡിക്‌ട് പതിനാറാമൻ ഡിസംബർ 31ന് അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാൽ 2013ലാണ് അദ്ദേഹം മാർപ്പാപ്പ സ്ഥാനം ഒഴിഞ്ഞത്. 1415-ൽ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പ ആയ അദ്ദേഹം എട്ട് വർഷകാലം കാതോലിക്ക സഭയെ നയിച്ചു.