p

തിരുവനന്തപുരം: ടൈറ്റാനിയം ലീഗൽ ഡി.ജി.എം ആയിരുന്ന ശശികുമാരൻ തമ്പിയും താനുമുൾപ്പെട്ട സംഘം ജോലി തട്ടിപ്പിലൂടെ ലക്ഷങ്ങൾ നേടിയതെങ്ങനെയെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി കേസിലെ മൂന്നാം പ്രതി ശ്യാംലാൽ.

ചെന്നൈയിൽ നിന്ന് ‌അറസ്റ്റ് ചെയ്ത് ഇന്നലെ തിരുവനന്തപുരത്തെത്തിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ കഴിഞ്ഞ രണ്ട് വർഷമായി നടത്തിവരുന്ന തട്ടിപ്പാണ് സമ്മതിച്ചത്. കുടപ്പനക്കുന്ന് മേരിഗിരി സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ശ്യാംലാൽ (58) തൊഴിൽ തട്ടിപ്പിന് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തതോടെയാണ് ചെന്നൈയിലേക്ക് മുങ്ങിയത്.

ശശികുമാരൻ തമ്പിയുമായി സ്കൂൾ പഠനകാലം മുതൽ സൗഹൃദമുണ്ട്. ശശികുമാർ ടൈറ്റാനിയത്തിൽ ഡി.ജി.എം ആയതോടെ ഇന്റർവ്യൂ ബോ‌ർഡിലും ഉൾപ്പെട്ടു. ഇതാണ് തട്ടിപ്പിനുള്ള പഴുതാക്കിയത്. കമ്പനിയിൽ താത്കാലിക ജീവനക്കാരുടെ ഒഴിവുകൾ വരുന്നത് ഇയാൾക്ക് കൃത്യമായി അറിയാനാവും. തുടർന്ന് തട്ടിപ്പ് പദ്ധതി തയ്യാറാക്കും. കേസിലെ ഒന്നാം പ്രതി ദിവ്യജ്യോതി, ഇവരുടെ ഭർത്താവും നാലാം പ്രതിയുമായ രാജേഷ്, അഞ്ചാം പ്രതി പ്രേംകുമാർ, ശ്യാംലാലിന്റെ മറ്റൊരു അടുത്ത സുഹൃത്തായ എം.എൽ.എ ഹോസ്റ്റലിലെ കോഫിഹൗസ് ജീവനക്കാരൻ മനോജ് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.

സമൂഹമാദ്ധ്യമങ്ങളിൽ ഒഴിവുണ്ടെന്ന് അറിയിപ്പ് നൽകി ഇരകളെ വീഴ്ത്തും. ദിവ്യജ്യോതിയുൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകളിലാണ് ഇതു പ്രസിദ്ധപ്പെടുത്തുന്നത്. അപേക്ഷകരോട് നേരിൽ കാണണമെന്ന് ആവശ്യപ്പെടും. കമ്പനിയുടെ പേരിലുള്ള വ്യാജ ഫോമുകളും എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്കുള്ള ലെറ്ററുകളും കാണിച്ച് ബോദ്ധ്യപ്പെടുത്തും. ലക്ഷങ്ങൾ മുൻകൂറായി വാങ്ങിയ ശേഷം ശശികുമാരൻ തമ്പിയുടെ സൗകര്യമനുസരിച്ച് ടൈറ്റാനിയത്തിൽ എത്തിച്ചായിരുന്നു ഇന്റർവ്യൂ. മനോജിന്റെ കാറിലാണ് ഇന്റർവ്യൂവിന് കൊണ്ടുപോയിരുന്നത്.

തട്ടിയെടുക്കുന്ന പണത്തിന്റെ കൂടുതൽ ഭാഗം ശശികുമാരൻ തമ്പിയും താനുമാണ് കൈപ്പറ്റുന്നതെന്നും ബാക്കി മറ്റുള്ളവർ തുല്യമായി വീതിച്ചിരുന്നെന്നും ശ്യാംലാൽ മൊഴി നൽകി. എന്നാൽ ദിവ്യജ്യോതി പൊലീസിന് നൽകിയ മൊഴികളുമായി ഇതിൽ പലതും യോജിക്കുന്നില്ല. വ്യാജ മൊഴി ആരുടേതാണെന്ന് കണ്ടെത്താൻ ബാങ്ക് സ്റ്റേറ്റ് മെന്റുകളുൾപ്പെടെ അന്വേഷണസംഘം പരിശോധിക്കും. അതിനുശേഷം ഇരുവരെയും ഒന്നിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യും.

ഇന്നലെ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക്ശേഷം ഉച്ചയ്ക്ക് 2 മണിയോടെയാണ് ശ്യാംലാലിനെ അറസ്റ്റ് ചെയ്തത്. നാലാഞ്ചിറയ്ക്ക് സമീപത്തെ ജിമ്മിലും രണ്ട് ഭാര്യമാരുടെ വീടുകളിലും എത്തിച്ച് തെളിവുകൾ ശേഖരിച്ചു. ഇയാളെ ഇന്ന് ഉച്ചയോടെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കും. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘത്തലവൻ അസി. കമ്മിഷണർ ദിനിൽ പറഞ്ഞു.