
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ലളിതാംബിക അന്തർജനത്തിന്റെ മകളായിട്ടും രാജം ജി. നമ്പൂതിരി എഴുത്തിന്റെ വഴി തിരഞ്ഞെടുത്തത് 75-ാം വയസിലായിരുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച ചെറിയ ചെറിയ കുറിപ്പുകളിലൂടെ തന്റെ പഴയ ഓർമ്മകളിലേക്ക് ആരാധകരെ കൂട്ടിക്കൊണ്ടുപോകാൻ രാജത്തിന്റെ എഴുത്തുകൾക്ക് കഴിഞ്ഞിരുന്നു.മക്കൾ പരിചയപ്പെടുത്തിയ സമൂഹ മാദ്ധ്യമം തന്നെ അമ്മയെ എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുകയായിരുന്നു.തന്റെ കുട്ടിക്കാല ഓർമ്മകളും സന്തോഷങ്ങളും ജീവിതരീതിയുമൊക്കെ വളരെ വ്യക്തമായി കുറിച്ചിരുന്ന രാജത്തിന്റെ പോസ്റ്റുകൾക്ക് ആരാധകർ നിരവധിയായിരുന്നു.അമ്മയെക്കുറിച്ചും സഹോദരൻ എൻ. മോഹനനെക്കുറിച്ചും ഭർത്താവ് പി.എൻ.ഗോപാലൻ നമ്പൂതിരിയെക്കുറിച്ചുമൊക്കെ വളരെ രസകരമായ ഓർമ്മക്കുറിപ്പുകളാണ് രാജം പങ്കുവച്ചിരുന്നത്.ആ ഓർമ്മക്കുറിപ്പുകൾ ചേർത്തുവച്ച് സ്മൃതി പഥത്തിലൂടെ, തിരഞ്ഞുനോക്കുമ്പോൾ എന്നീ രണ്ട് പുസ്തകങ്ങളും രചിച്ചു.ലളിതാംബിക അന്തർജനത്തിന്റെയും നാരായണൻ നമ്പൂതിരിയുടെയും ഏഴു മക്കളിൽ അഞ്ചാമത്തെയാളായിരുന്നു രാജം.നാല്പതുകളിൽ തന്നെ വൈധവ്യം തേടിയെത്തിയിട്ടും തളരാതെ പിടിച്ചു നിന്നത് ജീവിതത്തോടുള്ള പ്രിയം കൊണ്ടായിരുന്നു.അതേ പ്രിയം തന്നെയാണ് രാജത്തെ എഴുത്തിലേക്ക് നടത്തിയതും.എഴുത്തിന്റെ പേരിൽ ആദ്യമായി ലഭിച്ച കൂത്താട്ടുകുളം മേരി പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ രാജത്തിന് പ്രായം 80 കടന്നിരുന്നു.ഇനിയുമേറെ കുറിച്ചിടാനുള്ളത് ബാക്കിയാക്കിയാണ് വർഷാന്ത്യ ദിനത്തിൽ തന്റെ 86-ാം വയസിൽ രാജം വിടപറഞ്ഞത്.