കല്ലമ്പലം: ജപ്തി ഭീഷണിയിൽ പോംവഴികളില്ലാതെ നിർദ്ധന കുടുംബം കളക്ടർക്ക് പരാതി നൽകി. പപ്പടം നിർമ്മാണത്തിനായി മെഷീൻ വാങ്ങുന്നതിന് 2012ൽ സഹകരണ ബാങ്കിൽ നിന്ന് 6 ലക്ഷം രൂപ വായ്പയെടുത്ത നാവായിക്കുളം നൈനാംകോണം ഷിജു മന്ദിരത്തിൽ വിജയമ്മയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. തുക തവണകളായി കുറെ അടച്ചെങ്കിലും മകൻ വാഹനാപകടത്തിൽ മരണപ്പെട്ടതോടെയും ഭർത്താവ് അസുഖ ബാധിതനായി ശസ്ത്രക്രിയയ്ക്ക് വിധേയനായതോടെയും തവണകൾ മുടങ്ങി. കുടുംബം പട്ടിണിയിലുമായി. മുതലിനെക്കാളും ഇരട്ടി പലിശയടക്കം 1,068,028 രൂപയാണ് ബാങ്ക് ആവശ്യപ്പെടുന്നത്. വീട്ടിൽ നിന്ന് പടിയിറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് വിജയമ്മയും കുടുംബവും.